'അതുകൊണ്ടാണ് എനിക്ക് പകരം വേറൊരാളെ അവിടെ കൊണ്ടുവരുന്നത്'; ടീമില്‍ ഇടമില്ലാത്തതില്‍ ശിഖര്‍ ധവാന്‍

ഇന്ത്യയുടെ ഏകദിന ടീമിന്റെ ക്യാപ്റ്റനായി മൂന്ന് മാസത്തിനുള്ളില്‍ ടീമില്‍ നിന്ന് പുറത്താകേണ്ടി വന്ന നിര്‍ഭാഗ്യവാനാണ് ശിഖര്‍ ധവാന്‍. ഇഷാന്‍ കിഷന്‍, ശുഭ്മാന്‍ ഗില്‍ എന്നിലരുടെ വരവാണ് താരത്തിന് തിരിച്ചടിയായത്. ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായെങ്കിലും ഈ വര്‍ഷാവസാനം നാട്ടില്‍ നടക്കാനിരിക്കുന്ന ലോകകപ്പ് കളിക്കാനുള്ള ശക്തമായ ആഗ്രഹം 37 കാരനായ ഓപ്പണര്‍ ഇതുവരെ ഉപേക്ഷിച്ചിട്ടില്ല. ഇപ്പോള്‍ ഇതിനെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് താരം.

കരിയറില്‍ ഉയര്‍ച്ചയും താഴ്ചയും ഉണ്ടാകും. കാലവും പ്രായവും അതെല്ലാം കൈകാര്യം ചെയ്യാന്‍ നമ്മളെ പ്രാപ്തരാക്കും. ഞാന്‍ എന്റെ ഏറ്റവും മികച്ച പ്രകടനമാണ് പുറത്തടുത്തത്. എന്നെക്കാള്‍ മികച്ച പ്രകടനം ആരെങ്കിലും നടത്തുന്നുവെങ്കില്‍ നല്ല കാര്യം. അതുകൊണ്ടായിരിക്കുമല്ലോ എനിക്ക് പകരം വേറൊരാളെ അവിടെ കൊണ്ടുവരുന്നത്.

എന്നിലുള്ള കാര്യങ്ങളില്‍ ഞാന്‍ സംതൃപ്തനാണ്. ടീമിലില്ലെങ്കിലും തിരിച്ചുവരാമെന്ന ശുഭപ്രതീക്ഷയുണ്ട്. തിരിച്ചുവരാനായാല്‍ നല്ലത്, തിരിച്ചുവരാനായില്ലെങ്കിലും നിരാശയില്ല. കരിയറില്‍ നേടിയ കാര്യങ്ങളില്‍ ഞാന്‍ സംതൃപ്തനാണ്. സംഭവിക്കാനുള്ളതൊക്കെ സംഭവിക്കും. അതില്‍ ഞാന്‍ അസ്വസ്ഥത പ്രകടിപ്പിക്കില്ല- ധവാന്‍ പറഞ്ഞു.

ഇന്ത്യയ്ക്കായി 34 ടെസ്റ്റും 167 ഏകദിനവും 68 ടി20 മത്സരങ്ങളും കളിച്ചിട്ടുള്ള താരമാണ് ധവാന്‍. ഐപിഎല്‍ സീസണില്‍ പഞ്ചാബ് കിംഗ്‌സിന്റെ നായകനുമാണ്.