പൊങ്കാല കിട്ടിയപ്പോൾ തടിതപ്പി മേയർ ആര്യ രാജേന്ദ്രൻ, ജാതി തിരിച്ചുള്ള സ്പോർട്സ് ടീമിന് വിമർശനം

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ ജാതി തിരിച്ച് കായിക ടീം ഉണ്ടാക്കുന്നുവെന്ന് ആരോപണം. മേയറുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെതിരെയാണ് വ്യാപക വിമര്‍ശനം ഉയർന്നത്. കായിക രംഗത്ത് ജാതീയമായി അധിക്ഷേപങ്ങളും ഉയർന്ന് കേട്ടിട്ടുണ്ടെണ്ടെങ്കിലും ഇത്തരത്തിൽ ടീം ഉണ്ടാക്കുന്നത് ആദ്യമായിട്ടാണ് കേൾക്കുന്നത്.

നി ഏത് ടീമാ? ഞാൻ SC ST warriors ,നിയോ? ഞാൻ നായർ സ്‌ട്രൈക്കർ, നമ്പൂതിരി സൂപ്പർ കിങ്‌സ് തുടങ്ങി ഒരുപാട് കമന്റുകൾ മേയറുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെ നിറയുന്നുണ്ട്. നിങ്ങൾ മതങ്ങളിലേക്ക് ചുരുങ്ങുമ്പോൾ ഞങ്ങൾ മനുഷ്യരിലേക്കും അവരുടെ ജാതിയിലേക്കും പടരുന്നു എന്നും ഉൾപ്പടെ മേയർക്ക് വലിയ വിമർശനമാണ് കിട്ടുന്നത്.

മന്ത്രിയുടെ ഫെയ്ബുക്ക് പോസ്റ്റ്;

നഗരസഭയ്ക്ക് സ്വന്തമായി സ്‌പോര്‍ട്‌സ് ടീം

നഗരത്തിലെ കായികതാരങ്ങളുടെയും കായിക പ്രേമികളുടെയും ചിരകാലാഭിലാഷം യാഥാര്‍ഥ്യമാവുകയാണ്. ഫുട്‌ബോള്‍, ഹാന്‍ഡ് ബോള്‍, വോളിബോള്‍, ബാസ്‌കറ്റ് ബോള്‍, അത്‌ലറ്റിക്‌സ് എന്നീ കായിക ഇനങ്ങളില്‍ നഗരസഭാ ഔദ്യോഗികമായി ടീം ഉണ്ടാക്കും. ഇന്നലെ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന സെലക്ഷന്‍ ക്യാമ്പ് സന്ദര്‍ശിച്ചു. 25 കുട്ടികളാണ് ഓരോ ടീമിലും ഉണ്ടാവുക.

ജനറല്‍ വിഭാഗം ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഓരോ ടീമും, എസ്.സി. /എസ്.ടി. വിഭാഗത്തിലെ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഓരോ ടീമും ആണ് ഓരോ കായിക ഇനത്തിലും ഉണ്ടാവുക. ഇവര്‍ക്കാവശ്യമായ പരിശീലനം നഗരസഭ നല്‍കുകയും തലസ്ഥാനത്തടക്കം നടക്കുന്ന വിവിധ കായികമത്സരങ്ങളില്‍ ഈ ടീം നഗരസഭയെ പ്രതിനിധീകരിച്ച് പങ്കെടുക്കും. ഇതൊരു സ്ഥിരം സംവിധാനമാക്കാനാണ് ആലോചിക്കുന്നത്. അതിന് വിപുലമായ പദ്ധതി നഗരസഭ ആസൂത്രണം ചെയ്യും. അതിനുവേണ്ടി കായിക താരങ്ങളുമായും, കായികപ്രേമികളുമായും കായികരംഗത്തെ വിദഗ്ധരുമായും സ്പോര്‍ട്‌സ് കൗണ്‍സില്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സംവിധാനങ്ങളുമായും ഉടന്‍ ചര്‍ച്ച നടത്തും. തുടര്‍ന്ന് ബൃഹത്തായ ഒരു പദ്ധതി ആസൂത്രണം ചെയ്ത് നടപ്പാക്കും. നമ്മുടെ കുട്ടികളുടെ കായികമായ കഴിവുകളെ കണ്ടെത്തി അവര്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കി നാടിന്റെ അഭിമാനങ്ങളായി അവരെ മാറ്റി തീര്‍ക്കുക എന്നത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. അതിനാവശ്യമായതെല്ലാം നഗരസഭ ചെയ്യാന്‍ പരിശ്രമിക്കുകയാണ്. എല്ലാവരുടെയും പിന്തുണയും സഹകരണവും ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

സംഭവം വിവാദമായതോടെ മേയർ വിശദീകരണവുമായി എത്തി; സദുദ്ദേശപരമായി നഗരസഭ എടുത്ത തീരുമാനത്തെ തെറ്റിദ്ധാരണജനകമായി വ്യാഖ്യാനിക്കപ്പെട്ടത് ഖേദകരമാണ്.