സഞ്ജു ഉപനായകന്‍, ടീം ഇന്ത്യയിലേക്ക് വഴിയൊരുങ്ങുന്നു

തിരുവനന്തപുരം: സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. റോബിന്‍ ഉത്തപ്പയാണ് 15 അംഗ ടീമിന്റെ നായകന്‍. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ സഞ്ജു സാംസണാണ് ഉപനായകന്‍. വിജയ് ഹസാരെയില്‍ നടത്തിയ മിന്നും പ്രകടനം സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും ആവര്‍ത്തിക്കാനായാല്‍ സഞ്ജുവിന് ടീമിലേക്കുള്ള വിളി എളുപ്പം പ്രതീക്ഷിക്കാം.

നവംബര്‍ എട്ടിനാണ് പതിനൊന്നാമത് സയ്യിദ് മുഷ്താഖ് അലി ട്വന്റി-20 ടൂര്‍ണമെന്റിന് ഇന്ത്യയില്‍ തുടക്കമാവുന്നത്. ഡിസംബര്‍ ഒന്നിന് ഫൈനല്‍ നടക്കും.

ദുലീപ് ട്രോഫിയില്‍ കേരളത്തെ പ്രതിനിധീകരിച്ച ജലജ് സക്സേനയും മുന്‍ കേരള നായകന്‍ സച്ചിന്‍ ബേബിയും സ്‌ക്വാഡിലുണ്ട്. കേരളത്തിന്റെ ബൗളിംഗ് നിര സുശക്തമാണ്. സന്ദീപ് വാരിയറും ബേസില്‍ തമ്പിയും പേസ് ഡിപ്പാര്‍ട്ട്മെന്റ് കൈകാര്യം ചെയ്യും. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇരുതാരങ്ങള്‍ക്കുമുള്ള അനുഭവപാരമ്പര്യം മുതല്‍ക്കൂട്ടാവുമെന്ന പ്രതീക്ഷയിലാണ് കേരളം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനായി കളിച്ച സ്പിന്നര്‍ ആഷിഫ് കെഎമ്മും ടീമിലുണ്ട്.

നേരത്തെ, വിജയ് ഹസാരെ ട്രോഫിയില്‍ നിരാശജനകമായിരുന്നു കേരളത്തിന്റെ പ്രകടനം. കളിച്ച എട്ടുകളില്‍ നാലെണ്ണം ജയിച്ചു, നാലെണ്ണം തോറ്റു. പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ് കേരളം അവസാനിച്ചത്. ഇക്കാരണത്താല്‍ തന്നെ നോക്കൗട്ട് ഘട്ടത്തിലേക്ക് കടക്കാന്‍ ടീമിനായില്ല.