അസ്ഹറുദ്ദീന്‍ ആദ്യപന്തില്‍ പുറത്ത്; ഡല്‍ഹിക്ക് എതിരെ കേരളത്തിന് റണ്‍മല താണ്ടണം

സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ ഡല്‍ഹിക്കെതിരെ കേരളത്തിന് 213 റണ്‍സ് വിജയ ലക്ഷ്യം. കഴിഞ്ഞ മത്സരത്തില്‍ മുംബൈയ്‌ക്കെതിരെ വെടിക്കെട്ട് സെഞ്ച്വറി പ്രകടനം കാഴ്ചവെച്ച മുഹമ്മദ് അസ്ഹറുദ്ദീന്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായത് കേരളത്തിന് തിരിച്ചടിയായി.

ഇശാന്ത് ശര്‍മ്മയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ അഞ്ജു റാവത്ത് പിടിച്ചാണ് അസ്ഹര്‍ പുറത്തായത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ കേരളം 17 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സ് എന്ന നിലയിലാണ്. വിഷ്ണു വിനോദും (32 പന്തില്‍ 66) റോബിന്‍ ഉത്തപ്പയുമാണ് (50 പന്തില്‍ 82 )ക്രീസില്‍. പത്തു പന്തില്‍ നിന്ന് 16 റണ്‍സെടുത്ത സഞ്ജു സാംസണും 11 പന്തില്‍ നിന്ന് 22 റണ്‍സെടുത്ത സച്ചിന്‍ ബേബിയുമാണ് പുറത്തായ മറ്റ് കേരള താരങ്ങള്‍.

ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്റെ കരുത്തിലാണ് ഡല്‍ഹി 212 റണ്‍സ് അടിച്ചുകൂട്ടിയത്. 48 പന്തില്‍ നിന്ന് മൂന്ന് സിക്സറുകളുടെയും ഏഴ് ബൗണ്ടറികളുടെയും സഹായത്തോടെ ധവാന്‍ 77 റണ്‍സ് അടിച്ചുകൂട്ടി. ലളിത് യാദവും അര്‍ദ്ധ സെഞ്ചറി (52) നേടി.

കേരളത്തിന് വേണ്ടി എസ്.ശ്രീശാന്ത് നാല് ഓവറില്‍ 46 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. കെ.എം ആസിഫും മിഥുനും ഒരോ വിക്കറ്റു വീതം വീഴ്ത്തി.