കലക്കി പൊളിച്ച് സൂര്യകുമാറും പിള്ളേരും, റായ്‌പൂരിൽ ഇന്ത്യയുടെ ഓസ്‌ട്രേലിയൻ കുരുതി; തകർപ്പൻ ജയവും പരമ്പരയും

ഓസ്‌ട്രേലിയയ്‌ക്കെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തില്‍ ഇന്ത്യ 20 റൺസിന്റെ ജയം നേടുകയും 5 മത്സരങ്ങളുടെ പരമ്പര സ്വന്തമാക്കുകയും ചെയ്തു . മത്സരത്തില്‍ ഇന്ത്യ മുന്നോട്ടുവെച്ച 175 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസീസ് പൊരുതി നോക്കിയെങ്കിലും രക്ഷ ഉണ്ടായിരുന്നില്ല . കളിയുടെ എല്ലാ മേഖലയിലും ആധിപത്യം നേടിയാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. 4 ഓവറിൽ 16 റൺസ് വഴങ്ങി 3 വിക്കറ്റ് എടുത്ത അക്‌സർ പട്ടേലാണ് ഇന്ത്യൻ ജയത്തിൽ സഹായിച്ചതിൽ പ്രധാനി.

ഓസ്‌ട്രേലിയക്കായി ട്രാവിസ് ഹെഡ് 31 റൺസ് നേടിയപ്പോൾ  മാത്യു വേഡ് 36 അവസാനം വരെ ക്രീസിൽ തുടർന്ന് റൺസ് നേടി പൊരുതി നോക്കി. ജോഷ് ഫിലിപ് 8 , ബെൻ മക്ഡെർമോട്ട് 19 , ടിം ഡേവിഡ് 19 , മാത്യു ഷോർട് 22 തുടങ്ങിയവർ എല്ലാം നന്നായി തുടങ്ങി എങ്കിലും വലിയ സ്കോർ നേടുന്നതിൽ നിന്ന് പുറകോട്ട് പോയതോടെ ഓസ്ട്രേലിയ തോൽവി ഉറപ്പിച്ചു. ഇന്ത്യയ്ക്കായി ദീപക്ക് ചഹാർ രണ്ടും രവി ബിഷ്‌ണോയി ആവേഷ് ഖാൻ എന്നിവർ ഓരോ വിക്കറ്റും നേടി തിളങ്ങി

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കമായിരുന്നു കിട്ടിയത്. ജയ്‌സ്വാൾ- ഋതുരാജ് സഖ്യം മനോഹരമായ ബാറ്റിങ് വിരുന്ന് തന്നെ സമ്മാനിച്ചപ്പോൾ ഈ കൂട്ടുകെട്ട് പിരിയുന്നത് ടീം സ്കോർ 50 റൺസ് ചേർത്ത ശേഷമാണ്. യശസ്വി ജയസ്വാള്‍ 37 റൺസ് എടുത്ത് മടങ്ങിയപ്പോൾ പിന്നെ ഇന്ത്യൻ ബാറ്ററുമാർ ഡ്രസിങ് റൂമിലേക്ക് മടങ്ങാൻ മത്സരിക്കുന്ന കാഴ്ച്ചയാണ് കാണാൻ പറ്റിയത്. ശ്രേയസ് അയ്യരും (8) തുടര്‍ന്നെത്തിയ (1) സൂര്യകുമാര്‍ യാദവും വന്നത് പോലെ മടങ്ങി. ഇതോടെ ഇന്ത്യ മൂന്നിന് 63 എന്ന നിലയിലായി. വലിയ ഒരു തകർച്ചയെ ഇന്ത്യ നേരിടുമെന്ന് കരുതിയ സമയത്ത് ക്രീസിൽ ഉറച്ച ഋതുരാജ് – റിങ്കു സഖ്യം 48 റണ്‍സ് കൂട്ടിചേര്‍ത്തു. വലിയ ഒരു സ്കോറിലേക്ക് പോകുമെന്ന് തോന്നിച്ച ഋതുരാജ് 38 പുറത്തായ ശേഷം ക്രീസിൽ എത്തിയത് ജിതേഷ് ശർമ്മ ആയിരുന്നു.

ഈ പരമ്പരയിലെ തന്റെ ഏറ്റവും മികച്ച ഇന്നിങ്സിൽ ഒന്ന് കളിച്ച ജിതേഷ് റിങ്കുവിനൊപ്പം 56 റൺ കൂട്ടുകെട്ട് ഉണ്ടാക്കി. എന്നാൽ 35 റൺസ് എടുത്ത് ജിതേഷ് മടങ്ങിയ ശേഷം ഇന്ത്യൻ ഇന്നിങ്സിന് അധികം ആയുസ് ഇല്ലായിരുന്നു. റിങ്കു സിംഗിന്റെ 29 പന്തില്‍ 46 മാറ്റി നിർത്തിയാൽ വിചാരിച്ച പോലെ വമ്പൻ ഷോട്ടുകൾ കളിക്കാൻ ഇന്ത്യൻ താരങ്ങൾക്ക് സാധിച്ചില്ല. അക്‌സര്‍ പട്ടേല്‍ (0) നിരാശപ്പെടുത്തിയപ്പോൾ ഇന്ത്യൻ വാലറ്റത്തിനും കാര്യമായ ഒന്നും ചെയ്യാൻ പറ്റിയില്ല. ഓസ്‌ട്രേലിയ്ക്കായി ബെൻ ദ്വാർഷുയിസ് മൂന്ന് വിക്കറ്റ് എടുത്തപ്പോൾ തന്‍വീര്‍ സംഗ, ജേസണ്‍ ബെഹ്രന്‍ഡോര്‍ഫ് എന്നിവര്‍ രണ്ട് വീതം നേടി തിളങ്ങി .