IPL 2025: കോഹ്ലിയെയും രോഹിതിനെയും താരങ്ങളാക്കിയത് അദ്ദേഹം, അവന്‍ ഇല്ലായിരുന്നെങ്കില്‍... തുറന്നുപറഞ്ഞ് സുരേഷ് റെയ്‌ന

വിരാട് കോഹ്ലി, രോഹിത് ശര്‍മ്മ എന്നിവര്‍ സൂപ്പര്‍താരങ്ങളായതില്‍ എംഎസ് ധോണിക്ക് പ്രധാന പങ്കുണ്ടെന്ന് തുറന്നുപറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന. ഐപിഎല്‍ 2025ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ്‌ തുടര്‍തോല്‍വികളില്‍പ്പെട്ട് ടൂര്‍ണമെന്റില്‍ നിന്നും പുറത്തായെങ്കിലും ധോണിയെ പുകഴ്ത്തി രംഗത്തെത്തുകയായിരുന്നു റെയ്‌ന. തന്റെയും വിരാട് കോഹ്ലി, രോഹിത് ശര്‍മ്മ തുടങ്ങിയ ആധുനിക കാലത്തെ മഹാന്മാരുടെയും കരിയര്‍ രൂപപ്പെടുത്തുന്നതില്‍ എംഎസ്ഡി നിര്‍ണായക പങ്കാണ് വഹിച്ചിട്ടുളളതെന്ന് റെയ്‌ന പറയുന്നു.

ലോകത്തിലെ എറ്റവും വലിയ ബ്രാന്‍ഡാണ് ധോണി. ചില ആളുകള്‍ മഹത്വത്തോടെയാണ് ജനിക്കുന്നതെന്നും റെയ്‌ന തുറന്നുപറഞ്ഞു. “അദ്ദേഹം എവിടെയാണോ നില്‍ക്കുന്നത്. അവിടെ നിന്നാണ് എല്ലാം ആരംഭിക്കുന്നത്. ഇപ്പോഴും ധോണി ശക്തമായി മുന്നേറുകയും നന്നായി കളിക്കുകയും ചെയ്യുന്നു. അദ്ദേഹം ഐപിഎല്‍ കിരീടം അഞ്ച് തവണയും ചാമ്പ്യന്‍സ് ലീഗ് രണ്ട് തവണയും ലോകകപ്പും ചാമ്പ്യന്‍സ് ട്രോഫിയും ഇന്ത്യയ്ക്കായി മറ്റ് നിരവധി സീരീസുകളും നേടി. ചില സമയങ്ങളില്‍ ആളുകള്‍ ഇങ്ങനെയാണ് ജനിക്കുന്നത്. വിരാടിനെയും രോഹിതിനെയും എന്നെയും സൃഷ്ടിച്ചത് അദ്ദേഹമാണ്, സുരേഷ് റെയ്‌ന പറഞ്ഞു.

അസാധാരണമായ നേതൃത്വ പാടവത്തിലൂടെയും എളിമയുളള വ്യക്തിത്വത്തിലൂടെയും നിരവധി ആരാധകരെ നേടിയ താരമാണ് ധോണി. ഇന്ത്യയിലെ ഏറ്റവും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളാണ് അദ്ദേഹം. മൂന്ന് ഐസിസി ടൂര്‍ണമെന്റുകളിലാണ് അദ്ദേഹം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ കിരീടങ്ങളിലേക്ക് നയിച്ചത്. 2020 ഓഗസ്റ്റിലായിരുന്നു ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്..

Read more