റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനോട് (ആർസിബി) ചെന്നൈ സൂപ്പർ കിംഗ്‌സ് (സിഎസ്‌കെ) തോറ്റതിന് ശേഷം എംഎസ് ധോണിയുടെ ക്രിക്കറ്റ് ബ്രയിനിനെ ചോദ്യം ചെയ്ത് മുൻ ഓസ്‌ട്രേലിയൻ വിക്കറ്റ് കീപ്പർ ആദം ഗിൽക്രിസ്റ്റ്. ശനിയാഴ്ച എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) മത്സരത്തിൽ ചെന്നൈ 2 റൺസിന്റെ പരാജയമാണ് ഏറ്റുവാങ്ങിയത്.
ഈ തോൽവി സിഎസ്‌കെയെ പട്ടികയിൽ ഏറ്റവും താഴെ തന്നെ തുടരുകയാണ്. ഗെയ്‌ക്‌വാദിന്റെ പരിക്കിനെത്തുടർന്ന് സീസണിന്റെ മധ്യത്തിൽ എംഎസ് ധോണി ക്യാപ്റ്റനായി സ്ഥാനമേറ്റതിനുശേഷം, ആറ് മത്സരങ്ങളിൽ നിന്ന് ഒരു വിജയം മാത്രമേ ടീം നേടിയിട്ടുള്ളൂ. ടൂർണമെന്റിന്റെ അവസാനത്തിലേക്ക് നീങ്ങുമ്പോൾ ടീം തുടർച്ചയായി മത്സരങ്ങൾ തോൽക്കുകയാണ്.
തോൽവിക്ക് പിന്നാലെ എംഎസ് ധോണിയുടെ നിരവധി തന്ത്രപരമായ തീരുമാനങ്ങൾ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. ആർസിബിക്കെതിരായ മത്സരത്തിന്റെ അവസാന ഓവറിലാണ് അത്തരമൊരു വിചിത്രമായ തീരുമാനം വന്നത്. ആദ്യ രണ്ട് ഓവറിൽ 32 റൺസ് വഴങ്ങിയ ഖലീൽ അഹമ്മദിന് വീണ്ടും ഒരു ഓവർ നൽകിയ തീരുമാനത്തെ പലരും ചോദ്യം ചെയ്യുന്നു.
“തന്ത്രപരമായി ധോണിക്ക് പിഴവുകൾ പറ്റി. ആദ്യ രണ്ട് ഓവറിൽ 32 റൺസ് വഴങ്ങിയ ഖലീലിന് വീണ്ടും ഒരു ഓവർ നൽകിയത് തെറ്റായി പോയി. മറ്റൊരു താരത്തിന് ഓവർ നൽകിയാൽ മതിയായിരുന്നു” ക്രിക്ക്ബസിൽ ഗിൽക്രിസ്റ്റ് പറഞ്ഞു.
“ധോണിയുടെ ക്രിക്കറ്റ് ബ്രയിനിനെ എനിക്ക് വലിയ മതിപ്പാണ്. എന്നാൽ ഇന്നലത്തെ മത്സരത്തിൽ എനിക്ക് അത് കാണാൻ കഴിഞ്ഞില്ല. അയാൾക്ക് എവിടെയൊക്കെയോ പിഴവുകൾ സംഭവിച്ചു. ഒരുപക്ഷെ കരിയർ അവസാനിക്കുന്നതിന്റെ ലക്ഷണം ആകാം ഇതൊക്കെ.” അദ്ദേഹം കൂട്ടിച്ചേർത്തു.
കളിയിൽ നന്നായി ചെന്നൈ പിടിമുറുക്കിയ സമയത്തായിരുന്നു വെസ്റ്റ് ഇൻഡീസിൽ നിന്നുള വമ്പനടിക്കാരൻ റൊമാരിയോ ഷെപ്പേർഡ് തന്റെ വിശ്വരൂപം പുറത്തെടുത്ത്. പവർ പ്ലേയിൽ നല്ല അടികിട്ടിയ ഖലീൽ അഹമ്മദ് ആയിരുന്നു കളിയുടെ 19 ആം ഓവർ എറിയാൻ എത്തിയത്. ഖലീലിന്റെ മൂന്നാം ഓവറിൽ 33 റൺസാണ് റൊമാരിയോ അടിച്ചത്. അങ്ങനെ തന്റെ മൂന്ന് ഓവറിൽ 65 റൺസാണ് താരം തന്റെ സ്പെല്ലിൽ വഴങ്ങിയത്. 4 ഓവറിൽ 76 റൺസ് വഴങ്ങിയ ആർച്ചർ ആണ് ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും വിലയേറിയ സ്പെൽ എറിഞ്ഞത്.
ഒരു ഓവർ കൂടി കൊടുത്തിരുന്നെങ്കിൽ ആ റെക്കോഡ് താരം സ്വന്തമാക്കും എന്നാണ് ട്രോളുകൾ വരുന്നത്. എന്തായാലും ഖലീലിന് ഒരു ഓവർ കൂടി നൽകാത്ത ധോണിക്ക് അഭിനന്ദനം എന്നും ആരാധകർ പറയുന്നുണ്ട്. എന്തായാലും ആ ഓവറിൽ 33 റൺ എടുത്ത റൊമാരിയോ അവസാന ഓവറിൽ രണ്ട് ബൗണ്ടറികളും രണ്ട് സിക്സറുകളും കൂടി പറത്തി 14 പന്തിൽ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കി ഏറ്റവും വേഗത്തിൽ ഈ നേട്ടത്തിൽ എത്തുന്ന രണ്ടാമത്തെ താരമായി.