അക്തര്‍ പതിവായി കുത്തിവെയ്പ്പ് എടുക്കാറുണ്ടായിരുന്നു, ഇന്നവന്‍ അതിന്‍റെ ഭവിഷ്യത്ത് അനുഭവിക്കുന്നു; വമ്പന്‍ വെളിപ്പെടുത്തലുമായി അഫ്രീദി

കളിക്കുന്ന കാലത്ത് ശുഐബ് അക്തര്‍ വേദനസംഹാരിയായ കുത്തിവയ്പ്പുകള്‍ പതിവായി എടുക്കാറുണ്ടായിരുന്നുവെന്ന് പാകിസ്ഥാന്‍ മുന്‍ നായകന്‍ ഷാഹിദ് അഫ്രീദി. അതിന്റെ ഫലമായി അക്തര്‍ നടക്കാന്‍ ഇന്ന് പ്രയാസപ്പെടുകയാണെന്നും അഫ്രീദി പറഞ്ഞു.

‘നോക്കൂ, ശുഐബ് അക്തര്‍ ശുഐബ് അക്തറാണ്. ഏറെ പ്രയാസമാണെങ്കിലും അവന് അത് ചെയ്യാന്‍ കഴിയും. എല്ലാവര്‍ക്കും ശുഐബ് അക്തര്‍ ആകാന്‍ കഴിയില്ല. കുത്തിവെപ്പും വേദനസംഹാരികളും കഴിച്ച് പരിക്കുമായി കളിക്കുന്നത് പ്രയാസമാണ്. കാരണം, നിങ്ങളുടെ പരിക്ക് കൂടുതല്‍ വഷളാകുകയാണ് ചെയ്യുക.എന്തായാലും ശുഐബ് അക്തറിനെ വെറുതെ വിടാം!’ -അഫ്രീദി പറഞ്ഞു.

കഴിഞ്ഞ വര്‍ഷം മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന ടി20 ലോകകപ്പ് ഫൈനലില്‍ പാകിസ്ഥാന്‍ ടീമിന് ശരിക്കും ആവശ്യമുള്ളപ്പോള്‍ ഷഹീന്‍ അഫ്രീദി വേദന സഹിച്ച് ഇംഗ്ലണ്ടിനെതിരെ പന്തെറിയണമായിരുന്നു എന്ന സമീപകാല അഭിപ്രായങ്ങള്‍ക്ക് മറുപടിയായാണ് അഫ്രീദിയുടെ ഈ വെളിപ്പെടുത്തല്‍.

ഹാരി ബ്രൂക്കിന്റെ ക്യാച്ച് എടുക്കുന്നതിനിടെ ഷഹീന്റെ കാല്‍മുട്ടിന് പരിക്കേറ്റതിനാല്‍ മത്സരത്തില്‍ അധികം പന്തെറിയാന്‍ താരത്തിന് കഴിഞ്ഞില്ല. ആ ഫൈനലില്‍ ഷഹീന് 13 പന്തുകള്‍ മാത്രമേ എറിയാന്‍ കഴിഞ്ഞുള്ളൂ.