ഈ സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പ്ലേ ഓഫിൽ അവർ എത്തിയില്ലെങ്കിൽ നാണക്കേട്, അവരാണ് ലീഗിലെ ഏറ്റവും മികച്ച ടീം: ആകാശ് ചോപ്ര

രാജസ്ഥാൻ റോയൽസ് തങ്ങളുടെ കഴിവിനനുസരിച്ച് കളിക്കുകയാണെങ്കിൽ ഐപിഎൽ 2024-ൻ്റെ പ്ലേഓഫിന് യോഗ്യത നേടുമെന്ന് ആകാശ് ചോപ്ര കണക്കാക്കുന്നു.ഐപിഎൽ 2022ൽ റണ്ണേഴ്‌സ് അപ്പായ റോയൽസ് കഴിഞ്ഞ സീസണിൽ അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിൽ നിന്ന് ആവേഷ് ഖാനെ അവർ ടീമിൽ എത്തിച്ചു. കൂടാതെ റോവ്‌മാൻ പവൽ (7.40 കോടി രൂപ), ശുഭം ദുബെ (5.80 കോടി രൂപ) എന്നിവരടക്കം അഞ്ച് കളിക്കാരെ ലേലത്തിൽ സ്വന്തമാക്കി അവർ തങ്ങളുടെ ടീമിനെ ശക്തിപ്പെടുത്തി.

ജോസ് ബട്ട്‌ലറും യശസ്വി ജയ്‌സ്വാളും രണ്ട് മികച്ച ഓപ്പണർമാരും രവിചന്ദ്രൻ അശ്വിനും യുസ്‌വേന്ദ്ര ചാഹലും അടങ്ങുന്ന സ്പിൻ ബൗളിംഗ് ആക്രമണവും കണക്കിലെടുത്ത് രാജസ്ഥാൻ റോയൽസിന് ഐപിഎൽ 2024 ട്രോഫി ഉയർത്താനാകുമോ എന്ന ചോദ്യത്തിന് പ്രതികരിക്കുക ആയിരുന്നു ചോപ്ര.

“ഇതൊരു മികച്ച ടീമാണ്, അതിൽ യാതൊരു സംശയവുമില്ല. ഈ വർഷത്തെ ലീഗ് ടഫ് ആയിരിക്കും. ഈ ടീം ഇത്തവണയും പ്ലേ ഓഫിലേക്ക് യോഗ്യത നേടിയില്ലെങ്കിൽ അത് ലജ്ജാകരമാണ്,” അദ്ദേഹം പ്രതികരിച്ചു.

സഞ്ജു സാംസണും കൂട്ടരും ഒരു മികച്ച യൂണിറ്റാണെന്ന് മുൻ ഇന്ത്യൻ ഓപ്പണർ പറഞ്ഞു:

“നിങ്ങൾക്ക് ജോസ് ബട്ട്‌ലറും യശസ്വി ജയ്‌സ്വാളും പോലെ ഉള്ള താരങ്ങളും സഞ്ജു സാംസൺ, ധ്രുവ് ജൂറൽ, ഷിമ്‌റോൺ ഹെറ്റ്‌മെയർ, റിയാൻ പരാഗ് , റോവ്‌മാൻ പവൽ, രവിചന്ദ്രൻ അശ്വിൻ, യുസ്‌വേന്ദ്ര ചാഹൽ, ആദം സാമ്പ, ട്രെൻ്റ് ബോൾട്ട് എന്നിവർ ഉണ്ടെങ്കിൽ നിങ്ങൾക്ക് ജയിക്കാം. പിന്നെ ജയിച്ചില്ലെങ്കിൽ അത് നിങ്ങളുടെ കഴിവുകേടാണ് ” ചോപ്ര നിരീക്ഷിച്ചു.

ഐപിഎല്ലിൻ്റെ ആദ്യ സീസണിലെ ചാമ്പ്യന്മാരായിരുന്നു റോയൽസ്. അതിനുശേഷം നാല് തവണ മാത്രമേ അവർ പ്ലേഓഫിലേക്ക് യോഗ്യത നേടിയിട്ടുള്ളൂ, 2022 സീസണിൽ ഫൈനലിൽ എത്തിയത് ആയിരുന്നു അവരുടെ പിന്നെയുള്ള മികച്ച പ്രകടനം.