സഞ്ജുവിന് സ്ഥിരമായി അവസരം കൊടുക്കണം, ഒന്നോ രണ്ടോ അവസരം കൊടുത്തിട്ട് അവനെ ഒഴിവാക്കുന്ന രീതി ഒഴിവാക്കുക: ആകാശ് ചോപ്ര

ഇന്ന് നടക്കുന്ന ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള മൂന്നാമത്തെയും അവസാനത്തെയും ടി20 ഐക്ക് മുന്നോടിയായി, ജിതേഷ് ശർമ്മയ്ക്ക് പകരം സഞ്ജു സാംസണെ ടീമിൽ ഉൾപ്പെടുത്തണമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ആകാശ് ചോപ്ര മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടു. 2024ലെ ഐസിസി ടി20 ലോകകപ്പിനുള്ള പ്രധാന മത്സരാർത്ഥിയായി ജിതേഷിനെ ഉൾപ്പെടുത്തുന്നതിന് മുമ്പ് സഞ്ജുവിന് ആവശ്യമായ അവസരങ്ങൾ നൽകണം എന്നും ചോപ്ര പറഞ്ഞു.

ഒരു കളിയുടെ അടിസ്ഥാനത്തിൽ വിക്കറ്റ് കീപ്പർ സഞ്ജു സാംസണെ വിലയിരുത്തുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടി20 ഐ പരമ്പരയിൽ ഇന്ത്യ ക്ലീൻ സ്വീപ്പ് ലക്ഷ്യമിടുന്നതിനാൽ, ബെംഗളൂരുവിൽ നടക്കുന്ന അവസാന മത്സരത്തിനുള്ള ലൈനപ്പിലെ മാറ്റങ്ങളെ ചോപ്ര അംഗീകരിച്ചു.

ജിതേഷിനെയാണോ സഞ്ജുവിനെയാണോ ആറാം നമ്പർ സ്ഥാനത്ത് നിർത്തേണ്ടത് എന്നതാണ് ചോദ്യം. കുറച്ചുമത്സരങ്ങൾക്ക് ശേഷം സഞ്ജുവിനെ ഒഴിവാക്കുന്ന നടപടി അവസാനിപ്പിക്കണം എന്നും സഞ്ജുവിന് സ്ഥിരമായി അവസരം കൊടുക്കണം എന്നും ആ കണക്കുകൾ വെച്ചിട്ട് മാത്രമേ സഞ്ജുവാനോ ജിതേഷ് ആണോ വേണ്ടത് എന്ന് തീരുമാനിക്കാവു എന്നും ചോപ്ര പറഞ്ഞു.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ- ഒരു മത്സരത്തെ മാത്രം അടിസ്ഥാനമാക്കി സാംസണെ വിലയിരുത്തുന്നത് അനുചിതമാണെന്ന് ഞാൻ പറയുന്നു. അഫ്ഗാനെതിരായ അവസാന മത്സരത്തിൽ സഞ്ജുവിന് അവസരം കൊടുക്കണം. മാത്രമല്ല ഇന്ത്യ ഒരു പരമ്പര കളിക്കുമ്പോൾ കുറഞ്ഞത് മൂന്ന് മത്സരത്തിൽ എങ്കിലും സഞ്ജുവിന് അവസരം കൊടുക്കണം.” മുൻ താരം പറഞ്ഞു.