മുംബൈ: ശിഖര്‍ ധവാന്റെ പരിക്കിലൂടെ ഭാഗ്യം ഒരിക്കല്‍ കൂടി മലയാളി താരം സഞ്ജു സാംസണെ തേടിയെത്തിയതോടെ വീണ്ടും ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ചിരിക്കുകയാണ് മലയാളി താരം സഞ്ജു വി സാംസണ്. ന്യൂസിലന്‍ഡിനെതിരായ അഞ്ച് ടി20 മത്സരങ്ങള്‍ക്കുളള പരമ്പരയിലാണ് സഞ്ജു ഇന്ത്യന്‍ ടീമില്‍ വീണ്ടും ഇടംപിടിച്ചത്.
ഫെബ്രുവരി ആദ്യവാരം മുതല്‍ മാത്രമെ ധവാന് വീണ്ടും പരിശീലനം തുടങ്ങാനാവൂ. ഈ സാഹചര്യത്തില്‍ സഞ്ജുവിനെ തിരികെ വിളിക്കുകയാണെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സ്ഥിരീകരിച്ചു. ഗാംഗുലിയുടെ പ്രത്യേക താത്പര്യപ്രകാരമാണ് സഞ്ജുവിനെ തന്നെ ടി20യില്‍ പരീക്ഷിക്കാന്‍ തീരുമാനിച്ചത്.
അതെസമയം ഇന്ത്യന്‍ ഏകദിന ടീമില്‍ ധവാന് പകരക്കാരനായി കൗമാര താരം പൃത്ഥി ഷായേയും ഉള്‍പ്പെടുത്തി. നേരത്തെ മരുന്നിലൂടെ ഉത്തേജക മരുന്ന് ശരീരത്തിലെത്തിയതോടെ ആറ് മാസത്തെ വിലക്ക് നേരിട്ട ഷായുടെ തിരിച്ചുവരവ് കൂടിയായി മാറി ഇത്.
ബംഗ്ലാദേശിനും വെസ്റ്റ് ഇന്‍ഡീസിനും ശ്രീലങ്കക്കും എതിരായ പരമ്പരകളില്‍ സഞ്ജു ഇന്ത്യന്‍ ടീമിലുണ്ടായിരുന്നു. എന്നാല്‍ ശ്രീലങ്കക്കെതിരായ അവസാന ടി20യില്‍ മാത്രമാണ് സ്ജുവിന് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചത്. ആ മത്സരത്തില്‍ രണ്ട് പന്തില്‍ ആറ് റണ്‍സായിരുന്നു സഞ്ജുവിന്റെ സംഭാവന.
ശ്രീലങ്കക്കെതിരെ വിശ്രമം അനുവദിച്ച രോഹിത് ശര്‍മ തിരിച്ചെത്തിയതോടെ ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള ടീമില്‍ നിന്ന് സഞ്ജുവിനെ സെലക്ടര്‍മാര്‍ ഒഴിവാക്കുകയായിരുന്നു. ഓസ്ട്രേലിയക്കിതിരായ മൂന്നാം ഏകദിനത്തില്‍ ഫീല്‍ഡിംഗിനിടെയാണ് ശിഖര്‍ ധവാന് വീണ് തോളിന് പരിക്കേറ്റത്. എംആര്‍ഐ സ്കാനിംഗില്‍ ധവാന് ഗ്രേഡ് -2 പരിക്കാണെന്ന് സ്ഥിരീകരിച്ചു.
Read more
ന്യൂസിലന്‍ഡിനെതിരെ അഞ്ച് മത്സരങ്ങളടങ്ങുന്ന ടി20 പരമ്പരയാണ് ഇന്ത്യ കളിക്കുന്നത്. 24നാണ് ആദ്യ ടി20 മത്സരം. പരമ്പരക്കായി ഇന്ത്യന്‍ ടീം ഇന്ന് ന്യൂസിലന്‍ഡിലെത്തിയിരുന്നു. ഇന്ത്യ എ ടീമിനൊപ്പം ന്യൂസിലന്‍ഡിലുള്ള സഞ്ജു ഇന്ത്യന്‍ ടീമിനൊപ്പം ചേരും. അഞ്ച് മത്സര പരമ്പര ആയതിനാല്‍ സഞ്ജുവിന് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷ.