ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് കൂറ്റൻ തോൽവി.103 റൺസിനാണ് ചെന്നൈ സൂപ്പർ കിങ്‌സ് പരാജയപ്പെടുത്തിയത്. മലയാളി താരം സഞ്ജു സാംസന്റെ സെഞ്ചുറി മികവിലാണ് ചെന്നൈക്ക് വിജയിക്കാൻ സാധിച്ചത്. ഇതോടെ പോയിന്റ് പട്ടികയിൽ 5 ആം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ചെന്നൈ.
54 പന്തിൽ 10 ഫോറും 6 സിക്‌സും അടക്കം 101* റൺസാണ് സഞ്ജു അടിച്ചെടുത്തത്. അവസാന പന്തിൽ ഫോർ നേടിയാണ് സഞ്ജു തന്റെ സെഞ്ചുറി തികച്ചത്. ചെന്നൈക്ക് വേണ്ടി സഞ്ജു നേടുന്ന രണ്ടാം സെഞ്ചുറിയാണ് ഇത്. മറ്റു സിഎസ്കെ താരങ്ങൾ ആരും തന്നെ ബാറ്റിംഗിൽ ശോഭിച്ചില്ല.
എന്നാൽ ബോളിങ്ങിൽ ചെന്നൈ താരം അകീൽ ഹൊസെയിൻ 4 വിക്കറ്റുകളും, നൂർ അഹമ്മദ് രണ്ട് വിക്കറ്റുകളും നേടി. ബോള് ചെയ്ത എല്ലാ താരങ്ങളും ഓരോ വിക്കറ്റുകൾ വീതവും നേടിയിട്ടുണ്ട്. ഇപ്പോഴിതാ സിഎസ്കെയുടെ വിജയശില്‍പിയായി മാറിയിരുന്ന സഞ്ജു സാംസണെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് മുന്‍ താരങ്ങള്‍.
‘സഞ്ജു സാംസൺ ഒരു ലോകോത്തര ബാറ്ററാണ്, അവന്‍റെ ബാറ്റിംഗ് അത്രയേറെ മനോഹരമാണ്’, മുന്‍ താരം മുഹമ്മദ് കൈഫ് സഞ്ജുവിന്‍റെ പ്രകടനത്തെ വാനോളം പുകഴ്ത്തികൊണ്ട് എക്സ് പോസ്റ്റില്‍ കുറിച്ചു. ‘ചെന്നൈ സൂപ്പർ കിംഗ്സിനായി ആരും ഇതിനുമുമ്പ് രണ്ട് സെഞ്ചുറി സ്വന്തമാക്കിയിട്ടില്ല. സ്റ്റൈലിഷ് സാംസൺ അത് സാധ്യമാക്കിയിരിക്കുന്നു. അതും തന്‍റെ ആദ്യ സീസണില്‍ ടൂര്‍ണമെന്‍റ് പകുതി മാത്രം പിന്നിടുമ്പോൾ’, ആകാശ് ചോപ്ര കുറിച്ചു.
Read more
‘സഞ്ജു ഇപ്പോൾ തന്‍റെ കരിയറിന്‍റെ ഔന്നത്യത്തിലാണ്. ഇതിലും മനോഹരമായി ബാറ്റ് ചെയ്യാൻ മറ്റാർക്കും കഴിയില്ല’, ഇതായിരുന്നു ഇര്‍ഫാന്‍ പത്താന്റെ വാക്കുകൾ. എന്നാൽ, വളരെ പക്വതയാർന്ന ഇന്നിംഗ്‌സാണ് സഞ്ജു കളിച്ചത് എന്നായിരുന്നു ശിഖര്‍ ധവാന്‍ കുറിച്ചത്. കൃത്യമായ സമയത്ത് വേഗം കൂട്ടി ഇന്നിംഗ്‌സിനെ മനോഹരമായി മുന്നോട്ട് കൊണ്ടുപോയി അതിന് അർഹമായ ഫലം നൽകി. തികച്ചും അദ്ദേഹത്തിന് അർഹിച്ച സെഞ്ചുറിയായിരുന്നു അത്, ധവാന്‍ കൂട്ടിച്ചേർത്തു.







