ബട്ട്‌ലറിനോട് അക്കാര്യം സഞ്ജുവിന് ആവശ്യപ്പെടാമായിരുന്നു, ആ വീഴ്ച്ചയില്‍ ന്യായീകരണമില്ല; വിമര്‍ശിച്ച് പാക് താരം

ഐപിഎല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ അനാവശ്യ തോല്‍വി വഴങ്ങാനായിരുന്നു രാജസ്ഥാന്‍ റോയല്‍സിന്റെ വിധി. 155 റണ്‍സെന്ന എളുപ്പത്തില്‍ എത്താവുന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ രാജസ്ഥാന്‍ 10 റണ്‍സിന്റെ തോല്‍വിയാണ് വഴങ്ങിയത്. ഇപ്പോഴിതാ മല്‍സരത്തില്‍ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണിന് സംഭവിച്ച് പിഴവ് ചൂണ്ടിക്കാട്ടി രംഗത്തുവന്നിരിക്കുകയാണ് പാക് മുന്‍ താരം ഡാനിഷ് കനേരിയ.

യശസ്വി ജയ്സ്വാള്‍ പുറത്തായ ശേഷമാണ് മൂന്നാമനായി സഞ്ജു സാംസണ്‍ ക്രീസിലെത്തിയത്. റോയല്‍സ് അപ്പോള്‍ 11.3 ഓവറില്‍ 87 റണ്‍സെന്ന നിലയിലായിരുന്നു. സഞ്ജു കുറച്ചു കൂടി സമയമെടുത്ത് ക്രീസില്‍ പിടിച്ചുനില്‍ക്കേണ്ടത് ആവശ്യമായിരുന്നു. റണ്ണൗട്ടെന്നത് ക്രൈം തന്നെയാണ്. അവിടെ സിംഗിളാനായി കോള്‍ ചെയ്യാനുളള ജോസ് ബട്ലറുടെ തീരുമാനം ശരിയായിരുന്നുവെന്ന് എനിക്കു തോന്നുന്നില്ല.

അതിനു മുമ്പ്  ജയ്സ്വാളിനൊപ്പം ബാറ്റ് ചെയ്യവെയും കോളിന്റെ കാര്യത്തില്‍ ബട്ട്ലര്‍ ബുദ്ധിമുട്ടിയിരുന്നതായി കാണാമായിരുന്നു. പക്ഷെ ക്രീസിലെത്തിയ ശേഷം സഞ്ജു ഒരു കാര്യം ശ്രദ്ധിക്കേണ്ടിയിരുന്നു. നേരത്തേ തന്നെ ക്രീസിലെത്തി പിച്ചുമായി പൊരുത്തപ്പെട്ടു കഴിഞ്ഞ ബട്ട്ലറോടു അഗ്രസീവായി ബാറ്റ് ചെയ്ത് സ്‌കോറിംഗിനു വേഗം കൂട്ടാന്‍ സഞ്ജുവിന് ആവശ്യപ്പെടാമായിരുന്നു.

താന്‍ സിംഗിളുകളും ഡബിളുകളുമെടുക്കാമെന്നും അദ്ദേഹത്തോടു പറയാമായിരുന്നു. എത്രത്തോളം കളി അവസാനത്തേക്കു കൊണ്ടു പോകുന്നുവോ അത്രത്തോളം ടീമിനു കാര്യങ്ങള്‍ ദുഷ്‌കരമായി മാറും. അതു തന്നെയാണ് ഈ മല്‍സരത്തിലും സംഭവിച്ചത്- ഡാനിഷ് കനേരിയ നിരീക്ഷിച്ചു.