കരിയര്‍ തുലച്ചത് ആ മണ്ടത്തരം, സഞ്ജു പാഴാക്കരുത്, ഇത് സുവര്‍ണാവസരം

ഇന്ത്യ എ ടീമിലേക്കുളള ക്ഷണം മലയാളി താരം സഞ്ജു സാംസണ്‍ പാഴാക്കരുത്. ഇതൊരു വെറുതെയുളള വിളിയല്ല. വിരമിക്കാനിരിക്കുന്ന മുതിര്‍ന്ന താരം ധോണിയ്ക്ക് പിന്‍ഗാമിയായി ടീം ഇന്ത്യയിലെത്താനുളള സുവര്‍ണാവസരമാണ് സഞ്ജുവിന് കൈവന്നിരിക്കുന്നത്

വ്യക്തമാക്കായ മുന്നൊരുക്കത്തോടെ തന്നെ സഞ്ജു ഈ മത്സരങ്ങളെ നേരിടണം. കഠിനാധ്വാനത്തിലൂടെ അവസരം നല്‍കാത്തവര്‍ക്ക് മറുപടി നല്‍കണം. ഇന്ത്യയുടെ അടുത്ത വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ താന്‍ തന്നെയെന്ന് തെളിയിക്കണം. ശ്രേയസ് അയ്യരും ഇഷാന്‍ കിഷനുമെല്ലാം ഉയര്‍ത്തുന്ന വെല്ലുവിളി സഞ്ജു അതിജീവിക്കണം

സഞ്ജുവിന് അത് കഴിയും, സഞ്ജുവിനേ അത് കഴിയൂ!. അത്രയേറെ ക്ലാസ് ആ ബാറ്റില്‍ ഒളിച്ചിരിക്കുന്നുണ്ട്. ക്രിക്കറ്റിന്റെ എല്ലാ സൗന്ദര്യവും നിറഞ്ഞ ഷോട്ടുകള്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ തിളങ്ങട്ടെ.

ഇടക്കാലത്ത് വിക്കറ്റ് കീപ്പിംഗ് ഒഴിവാക്കിയത് സഞ്ജു തന്റെ കരിയറില്‍ ചെയ്ത ഏറ്റവും വലിയ മണ്ടത്തരങ്ങളിലൊന്നാണ്. ഇന്ത്യ എ ടീമില്‍ കീപ്പറായാണ് സഞ്ജു തിരിച്ചെത്തുന്നത് എന്നത് സന്തോഷകരമാണ്. കീപ്പിംഗിലൂടെയേ നിലവില്‍ ടീം ഇന്ത്യയില്‍ ഇടംപിടിക്കാന്‍ സഞ്ജുവിന് അവസരമുളളു. സമീപഭാവിയില്‍ ടീം ഇന്ത്യയില്‍ ഒഴിഞ്ഞുകിടക്കുക ഈ സ്ഥാനം മാത്രമാണ്.

ദക്ഷിണാഫ്രിക്കയ്‌കെതിരെ കാര്യവട്ടത്താണ് സഞ്ജു കളിക്കാനിറങ്ങുക. നാട്ടുകാര്‍ക്ക് മുമ്പില്‍ ടീം ഇന്ത്യയിലേക്കുളള വാതില്‍ സഞ്ജു മലര്‍ക്കേ തുറക്കട്ടെ