വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്‌സ് 2025 (WCL 2025)-ൽ പാകിസ്ഥാൻ ചാമ്പ്യൻസിനെതിരായ മത്സരത്തിൽനിന്നും പിന്മാറിയ ഇന്ത്യയുടെ നീക്കത്തെ വിമർശിച്ച് പാകിസ്ഥാൻ മുൻ ക്യാപ്റ്റൻ സൽമാൻ ബട്ട്. ഇന്ത്യയുടെ യഥാർത്ഥ ഉദ്ദേശ്യങ്ങളെ ചോദ്യം ചെയ്ത സൽമാൻ ബട്ട്, ബിസിസിഐ ക്രിക്കറ്റിൽ രാഷ്ട്രീയം കലർത്തുകയാണെന്ന് ആരോപിച്ചു. ഒപ്പം ഇന്ത്യയെ വെല്ലുവിളിച്ചുകൊണ്ട് താരം പുതിയ വിവാദത്തിന് തിരികൊളുത്തി.
പാകിസ്ഥാനുമായുള്ള ബന്ധം വിച്ഛേദിക്കുന്നതിൽ ഇന്ത്യ ശരിക്കും ഗൗരവമുള്ളവരാണെങ്കിൽ, ടി 20 ലോകകപ്പ്, ഏകദിന ലോകകപ്പ്, അല്ലെങ്കിൽ ഭാവിയിലെ ഒളിമ്പിക്സ് എന്നിവയുൾപ്പെടെ ഒരു ഐസിസി ടൂർണമെന്റിലും പാകിസ്ഥാനുമായി കളിക്കില്ലെന്ന് ബിസിസിഐ ഔദ്യോഗികമായി പ്രഖ്യാപിക്കണമെന്ന് മുൻ ക്യാപ്റ്റൻ ആവശ്യപ്പെട്ടു.
“ലോകം മുഴുവൻ അവരെക്കുറിച്ച് സംസാരിക്കുന്നു – ക്രിക്കറ്റിനും ആരാധകർക്കും മൊത്തത്തിൽ അവർ എന്ത് സന്ദേശമാണ് നൽകിയത്? നിങ്ങൾ എന്താണ് കാണിക്കാൻ ശ്രമിക്കുന്നത്? നിങ്ങൾ എന്താണ് തെളിയിക്കാൻ ശ്രമിക്കുന്നത്? ഒരു ഐസിസി ടൂർണമെന്റിലും അല്ലാത്തതിലും ഞങ്ങൾക്കെതിരെ കളിക്കരുത്, സൽമാൻ ബട്ട് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
ഇതൊരു പ്രതിജ്ഞയായി എടുക്കൂ. ഒരു ടൂർണമെന്റിലും ഞങ്ങൾക്കെതിരെ കളിക്കരുത്. ഒളിമ്പിക്സിൽ പോലും. ദയവായി അത് ചെയ്യൂ. അത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു. അപകടസാധ്യതകൾ ഉയർന്നതായിരിക്കും, ആ തലത്തിൽ അവർക്ക് എത്രത്തോളം ദേശീയത കാണിക്കാൻ കഴിയുമെന്ന് ഞാൻ നോക്കി കാണും, താരം കൂട്ടിച്ചേർത്തു.
സോഷ്യൽ മീഡിയയിൽ നിന്നുള്ള പ്രതിഷേധത്തെ തുടർന്ന് നിരവധി പ്രധാന ഇന്ത്യൻ കളിക്കാർ പെട്ടെന്ന് പിന്മാറിയതിനെത്തുടർന്ന്, ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന WCL 2025-ലെ ഇന്ത്യ ചാമ്പ്യൻസും പാകിസ്ഥാൻ ചാമ്പ്യൻസും തമ്മിലുള്ള മത്സരം മത്സരത്തിന് മണിക്കൂറുകൾക്ക് മുമ്പ് ബർമിംഗ്ഹാമിൽ റദ്ദാക്കിയിരുന്നു.
Read more
ശിഖർ ധവാൻ, സുരേഷ് റെയ്‌ന, ഹർഭജൻ സിംഗ്, ഇർഫാൻ പത്താൻ, യൂസഫ് പത്താൻ തുടങ്ങിയവർ പിന്മാറിയതായി റിപ്പോർട്ടുണ്ട്. 2025 ഏപ്രിലിൽ പഹൽഗാമിൽ നടന്ന മാരകമായ ഭീകരാക്രമണത്തെ അപലപിച്ചുകൊണ്ടായിരുന്നു അവർ ശക്തമായ നിലപാട് സ്വീകരിച്ചത്. ഇത് പാകിസ്ഥാനികളുടെ പ്രതിഷേധത്തിന് കാരണമായി.







