നീണ്ട അഞ്ച് വർഷത്തെ കാത്തിരിപ്പിന് ശേഷം വിരാട് കോഹ്ലി തന്റെ സിംഹാസനം വീണ്ടെടുത്തു. ഏകദിന ബാറ്റിംഗ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തു ഇനി കിംഗ് കോഹ്ലി. തൊട്ട് പുറകിൽ ന്യുസിലാൻഡിന്റെ ഡാരിൽ മിച്ചലും ഉണ്ട്. രോഹിത് ശർമ്മ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇപ്പോഴിതാ സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറിന്റെ മറ്റൊരു റെക്കോർഡും മറികടന്നിരിക്കുകയാണ് താരം.
ഏകദിനക്രിക്കറ്റിൽ ന്യൂസിലൻഡിനെതിരേ കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ താരമെന്ന നേട്ടമാണ് കോഹ്ലി സ്വന്തമാക്കിയത്. ഇതിഹാസതാരം സച്ചിൻ തെണ്ടുൽക്കറെ മറികടന്നാണ് താരം ഈ നേട്ടത്തിലെത്തിയത്. ഏകദിനത്തിൽ കിവീസിനെതിരെ 42 മത്സരങ്ങളിൽ നിന്നായി 1750 റൺസാണ് സച്ചിന്റെ സമ്പാദ്യം. രണ്ടാം ഏകദിനത്തിൽ കോഹ്ലി സച്ചിനെ മറികടന്നു. മത്സരത്തിൽ 23 റൺസാണ് താരത്തിന്റെ സമ്പാദ്യം.
ന്യുസിലാൻഡിനെതിരെ നടന്ന രണ്ടാം ഏകദിനത്തിൽ ഇന്ത്യ 7 വിക്കറ്റിനാണ് തോൽവി ഏറ്റുവാങ്ങിയത്. ഇതോടെ പരമ്പര 1-1 എന്ന നിലയിലാണ് ഇരു ടീമുകളും നിൽക്കുന്നത്. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയർത്തിയ 285 റണ്സിന്റെ വിജയ ലക്ഷ്യം കിവികൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 15 പന്തുകൾ ബാക്കിനിൽക്കെ മറികടന്നു. ന്യുസിലാൻഡിന് വേണ്ടി ഡാരിൽ മിച്ചൽ സെഞ്ചുറിയും, വിൽ യങ് അർദ്ധ സെഞ്ചുറിയും നേടി.
Read more
ഇന്ത്യക്ക് വേണ്ടി ബാറ്റിംഗിൽ വിക്കറ്റ് കീപ്പർ കെ എൽ രാഹുൽ സെഞ്ചുറി നേടി തിളങ്ങി. 92 പന്തിൽ ഒരു സിക്സും 11 ഫോറും അടക്കം 112* റൺസാണ് താരം നേടിയത്. കൂടാതെ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ 56 റൺസും നേടി. ബാക്കി വന്ന താരങ്ങൾ ആരും തന്നെ തിളങ്ങിയില്ല. ബോളിങ്ങിൽ ഹർഷിത് റാണ, പ്രസിദ്ധ് കൃഷ്ണ, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റുകൾ വീതവും നേടി.







