സച്ചിന്റെ റെക്കോഡ് ഒന്നും കോഹ്‌ലിക്ക് ഒരു വിഷയമല്ല, അയാളുടെ ലക്ഷ്യം അത് മാത്രം; തുറന്നുപറഞ്ഞ് റോബിൻ ഉത്തപ്പ

വരാനിരിക്കുന്ന ഏഷ്യാ കപ്പിനും ഏകദിന ലോകകപ്പിനും ഇനി വളരെ കുറച്ച് സമയം മാത്രമേ ഉള്ളു. ഇതുമായി ബന്ധപ്പെട്ട് ആരാധകരുടെ ആവേശവും അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ലോകകപ്പിൽ തങ്ങളുടെ പതിറ്റാണ്ട് നീണ്ട ഐസിസി ട്രോഫി വരൾച്ച അവസാനിപ്പിക്കാൻ ശ്രമിക്കുന്ന ടീം ഇന്ത്യ, അതിന്റെ അവസാനഘട്ട ഒരുക്കത്തിലാണ്. ഇതിഹാസതാരം സച്ചിൻ ടെൻഡുൽക്കറുടെ റെക്കോർഡ് പലതും കോഹ്‌ലി തകർക്കുന്ന കാഴ്ച്ച കാണാൻ ആരാധകർ കാത്തിരിക്കുകയാണ്.

34 കാരനായ ബാറ്റർ തന്റെ മോശം ഫോമിലൂടെ പോരാടി 2022 ലെ ഏഷ്യാ കപ്പിൽ ഫോമിലേക്ക് തിരിച്ചുവന്നു, അതിനുശേഷം കോഹ്‌ലി പിന്നെ തിരിഞ്ഞുനോക്കിയിട്ടില്ല. 50 ഓവർ ഫോർമാറ്റിലും വിരാട് തന്റെ ബാറ്റിംഗ് മികവ് പ്രകടിപ്പിക്കുകയും ഈ വർഷം രണ്ട് സെഞ്ചുറികൾ അടിച്ചുകൂട്ടുകയും ആകെ 46 ഏകദിന സെഞ്ചുറികൾ ആക്കി കണക്കുകൾ രേഖപ്പെടുത്തുകയും ചെയ്തു.

ഉജ്ജ്വലമായ ഫോമിൽ കോഹ്‌ലിയെ കാണുമ്പോൾ, മുൻ ഇന്ത്യൻ നായകൻ സച്ചിന്റെ 49 ഏകദിന സെഞ്ചുറികളുടെ റെക്കോർഡ് മറികടക്കാൻ സാധ്യതയുണ്ടെന്ന് നിരവധി ആരാധകരും ക്രിക്കറ്റ് വിദഗ്ധരും ആകാംഷ പ്രകടിപ്പിച്ചു. എന്നിരുന്നാലും, ഏതെങ്കിലും റെക്കോർഡ് തകർക്കുന്നതിനുപകരം വരാനിരിക്കുന്ന മത്സരങ്ങളിൽ വിജയിക്കുന്നതിൽ മാത്രമാണ് കോഹ്‌ലി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് മുൻ ഇന്ത്യൻ ബാറ്റ്‌സ്മാൻ റോബിൻ ഉത്തപ്പ പറഞ്ഞു.

“വിരാട് (കോഹ്‌ലി) ഇനി റെക്കോർഡുകൾ തകർക്കുന്നതിൽ അർത്ഥമില്ല. സെഞ്ചുറികൾ അടിച്ചില്ലെങ്കിലും മത്സരം ജയിപ്പിക്കാൻ അയാൾക്ക് പറ്റും. ആ സെഞ്ചുറികൾ കണക്കിലെടുക്കാതെ ഇന്ത്യയ്‌ക്ക് വേണ്ടി മത്സരങ്ങൾ വിജയിപ്പിക്കും. ഏഷ്യാ കപ്പിൽ ഇന്ത്യയ്‌ക്കായി മത്സരങ്ങൾ ജയിക്കുന്നതിലാണ് വിരാടിന്റെ ശ്രദ്ധ. റെക്കോർഡുകളൊന്നും അദ്ദേഹം കാര്യമാക്കുന്നില്ല,” ഉത്തപ്പ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

“ഏഷ്യാ കപ്പിലോ ലോകകപ്പിലോ തന്റെ കരിയറിലെ മറ്റേതെങ്കിലും ഘട്ടത്തിലോ അവൻ സച്ചിന്റെ റെക്കോർഡുകളെക്കുറിച്ച് ചിന്തിക്കില്ല.” ഉത്തപ്പ പറഞ്ഞു. അടുത്തിടെ, വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ കോഹ്‌ലി ഇടംപിടിച്ചു, അവിടെ അദ്ദേഹം സെഞ്ച്വറി അടിച്ചു, രണ്ട് മത്സരങ്ങളിൽ നിന്ന് 197 റൺസ് നേടി. പിന്നീട്, വിൻഡീസിനെതിരായ മൂന്ന് മത്സര ഏകദിന പരമ്പരയിൽ ഒരു കളി കളിച്ചു, ടീം ഇന്ത്യ പുതിയ കോമ്പിനേഷനുകളുമായി മുന്നോട്ട് പോയതിനാൽ ബാക്കി രണ്ടെണ്ണത്തിൽ ബെഞ്ചിലായി.