IPL 2025: മര്യാദയ്ക്ക് നിന്നാല്‍ നിനക്ക് കൊളളാം, നീ എന്നെ പഠിപ്പിക്കാന്‍ വരണ്ട, തുഷാര്‍ ദേശ്പാണ്ഡെയോട് ചൂടായി പരാഗ്, ഞെട്ടി ആരാധകര്‍

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ വിജയം നേടി തുടര്‍ച്ചയായ തോല്‍വികളില്‍ നിന്നും വിജയവഴിയില്‍ തിരിച്ചെത്തിയിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. വൈഭവ് സൂര്യവന്‍ഷിയുടെ വെടിക്കെട്ട് സെഞ്ച്വറിയുടെ മികവിലാണ് ചേസിങ്ങില്‍ ഗുജറാത്തിനെതിരെ രാജസ്ഥാന്‍ അനായാസ വിജയം നേടിയത്. രാജസ്ഥാന് വേണ്ടി യശസ്വി ജയ്‌സ്വാളും ക്യാപ്റ്റന്‍ റിയാന്‍ പരാഗും ചേര്‍ന്നായിരുന്നു ഫിനിഷിങ് നടത്തിയത്. മത്സരത്തിനിടെ പരാഗും രാജസ്ഥാന്റെ പ്രധാന ബോളര്‍മാരില്‍ ഒരാളായ തുഷാര്‍ ദേശ്പാണ്ഡെയും തമ്മില്‍ ചെറിയ തര്‍ക്കം നടന്നിരുന്നു. പരാഗ് ദേശ്പാണ്ഡെയ്ക്ക് നേരെ വിരല്‍ചൂണ്ടി സംസാരിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്.

ഇരുവരും തമ്മില്‍ വഴക്ക് കൂടുന്നതിനിടെ പരിശീലകന്‍ ഷെയ്ന്‍ ബോണ്ട് വേഗത്തില്‍ ഇടപെട്ട് രംഗം തണുപ്പിക്കുകയാണ്. ഗുജറാത്തിനെതിരായ മത്സരത്തില്‍ തുഷാര്‍ ദേശ്പാണ്ഡെയെ രാജസ്ഥാന്‍ പുറത്തിരുത്തിയിരുന്നു. മുന്‍ മത്സരങ്ങളില്‍ റണ്‍സ് അധികം വിട്ടുകൊടുത്തതുകൊണ്ടാണ് ദേശ്പാണ്ഡെയെ രാജസ്ഥാന്‍ ഒഴിവാക്കിയിരുന്നത്. നിലവില്‍ ജോഫ്ര ആര്‍ച്ചറും സന്ദീപ് ശര്‍മ്മയുമാണ് അവരുടെ പ്രധാന ബോളര്‍മാര്‍.

ഗുജറാത്തിനെതിര വിജയം നേടിയെങ്കിലും രാജസ്ഥാന്‍ ഇപ്പോഴും പോയിന്റ് ടേബിളില്‍ എട്ടാം സ്ഥാനക്കാരാണ്. പ്ലേഓഫ് പ്രതീക്ഷകള്‍ ഏറെക്കുറെ അവസാനിച്ച നിലയിലാണ് അവരുളളത്. സഞ്ജു സാംസണ് പരിക്കേറ്റത് ടീമിന് വലിയ തിരിച്ചടിയായിരുന്നു. എന്നാല്‍ വൈഭവ് സൂര്യവന്‍ഷി ഓപ്പണിങ്ങില്‍ കത്തിക്കയറിയത് കഴിഞ്ഞ മത്സരത്തില്‍ അവര്‍ക്ക് ആശ്വാസമായി. മുംബൈ ഇന്ത്യന്‍സിനെതിരെയാണ് അവരുടെ അടുത്ത മത്സരം. ഈ കളിയില്‍ സഞ്ജു തിരിച്ചെത്തുകയാണെങ്കില്‍ ആര്‍ആര്‍ ബാറ്റിങ് ലൈനപ്പ് കുടുതല്‍ കരുത്തുറ്റതാവും.