IPL 2025: റിങ്കു സിങ്ങിന്റെ മുഖത്തടിച്ച് കുല്‍ദീപ് യാദവ്, ഡല്‍ഹി-കൊല്‍ക്കത്ത മത്സരത്തില്‍ അപ്രതീക്ഷിത സംഭവ വികാസങ്ങള്‍, ഞെട്ടിത്തരിച്ച് ആരാധകര്‍

ഡല്‍ഹി ക്യാപിറ്റല്‍സിനെ 14 റണ്‍സിന് തോല്‍പ്പിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഐപിഎല്‍ 2025ല്‍ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. തുടര്‍ച്ചയായ തോല്‍വികളില്‍പ്പെട്ട് ടൂര്‍ണമെന്റില്‍ താഴോട്ടുപോയ അവര്‍ക്ക് ആശ്വസിക്കാന്‍ വക നല്‍കുന്നതായിരുന്നു ഇന്നലത്തെ വിജയം. ഡല്‍ഹിയെ അവരുടെ ഹോംഗ്രൗണ്ടില്‍ പോയി തോല്‍പ്പിച്ച കൊല്‍ക്കത്ത പ്ലേഓഫ് പ്രതീക്ഷകള്‍ വീണ്ടും സജീവമാക്കിയിരിക്കുകയാണ്. അതേസമയം ഇന്നലെ മത്സരത്തിനിടെ ഡല്‍ഹി സ്പിന്നര്‍ കുല്‍ദീപ് യാദവ് കൊല്‍ക്കത്തയുടെ റിങ്കു സിങിന്റെ മുഖത്തടിച്ചത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

മത്സരശേഷം ഇരുടീമിലെയും കളിക്കാര്‍ തമ്മില്‍ സൗഹൃദ സംഭാഷണം നടത്തവേയാണ് സംഭവം. തമ്മില്‍ സംസാരിക്കവേ റിങ്കു എന്തോ പറഞ്ഞ് ചിരിച്ചശേഷമാണ് അപ്രതീക്ഷിതമായി കുല്‍ദീപ് താരത്തിന്റെ മുഖത്തടിച്ചത്. തമാശയ്ക്ക് അടിച്ചതാണെങ്കിലും അടിച്ചത് കുറച്ചത് ശക്തിയിലായി പോയി. ഇത് റിങ്കു സിങ്ങിന്റെ മുഖത്ത് പ്രകടമായിരുന്നു. എന്നാല്‍ റിങ്കുവിന്റെ ഭാഗത്ത് നിന്ന് തിരിച്ച് പ്രകോപനകരമായ പ്രതികരണമൊന്നും ഉണ്ടായില്ല.

ഇതിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ആദ്യ ബാറ്റിങ്ങില്‍ ഡല്‍ഹിക്കെതിരെ 204 റണ്‍സാണ് കൊല്‍ക്കത്ത നേടിയത്. കെകെആറിനായി രഘുവംശി, രഹാനെ, റിങ്കു സിങ്, നരെയ്ന്‍ ഉള്‍പ്പെടെയുളളവരെല്ലാം തിളങ്ങി. മറുപടി ബാറ്റിങ്ങില്‍ ഡല്‍ഹിക്ക് 190 റണ്‍സ് എടുക്കാനേ സാധിച്ചുളളൂ. മൂന്ന് വിക്കറ്റുകളെടുത്ത് ബോളിങ്ങിലും തിളങ്ങിയ സുനില്‍ നരെയ്‌നാണ് കൊല്‍ക്കത്തയുടെ വിജയം എളുപ്പമാക്കിയത്.