രക്ഷകനായി ഹിറ്റ്മാൻ; പുതിയ റെക്കോഡ്; വീണ്ടും നിരാശപ്പെടുത്തി സഞ്ജു

അഫ്ഗാനിസ്താനെതിരായ അവസാന ടി-20 മത്സരത്തിൽ തകർച്ചയിൽ നിന്ന ടീം ഇന്ത്യയുടെ രക്ഷകനായി ക്യാപ്റ്റൻ രോഹിത് ശർമ്മ. 69 പന്തിൽ 121 റൺസ് നേടിയ രോഹിത് ശർമ്മ പുതിയൊരു റെക്കോർഡ് കൂടിയാണ് ഇന്ന് സൃഷ്ടിച്ചിരിക്കുന്നത്.

അന്താരാഷ്ട്ര ടി-20 മത്സരത്തിൽ അഞ്ച് സെഞ്ച്വറികൾ നേടുന്ന ആദ്യ താരമെന്ന റെക്കോർഡാണ് ഇന്ന് രോഹിത് സ്വന്തമാക്കിയിരിക്കുന്നത്. കൂടാതെ 36 പന്തിൽ നിന്നും 69 റൺസ് നേടിയ റിങ്കു സിങ്ങും മികച്ച പ്രകടനമാണ് അഫ്ഗാനെതിരെ കാഴ്ചവെച്ചത്.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തടീം ഇന്ത്യയെ തകർച്ചയിൽ നിന്നും രക്ഷിച്ചത് രോഹിത്- റിങ്കു കൂട്ടുകെട്ടാണ്. 190 റൺസാണ് ഇരുവരും ചേർന്ന് അടിച്ചെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങുന്ന അഫ്ഗാനിസ്ഥാന് 213 റൺസാണ് വിജയ ലക്ഷ്യം.

അതേസമയം സഞ്ജു സാംസൺ റൺസ് ഒന്നുമെടുക്കാതെ മടങ്ങിയത് ആരാധകരെ നിരാശരാക്കി. ഇന്ത്യന്‍ ടീമില്‍ അക്ഷര്‍ പട്ടേല്‍, ജിതേഷ് ശര്‍മ, അര്‍ഷ്ദീപ് എന്നിവര്‍ക്ക് പകരം സഞ്ജു സാംസണ്‍, ആവേശ് ഖാന്‍, കുല്‍ദീപ് യാദവ് എന്നിവര്രായിരുന്നു ടീമിലെത്തിയത്.