INDIAN CRICKET: രോഹിതും ധോണിയും കോഹ്‌ലിയും ഒകെ ഇന്ത്യയിൽ പോലും മികച്ചവരല്ല, ഏറ്റവും മികച്ച 5 താരങ്ങൾ അവന്മാരാണ്: വെങ്കിടേഷ് പ്രസാദ്

എക്കാലത്തെയും മികച്ച ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളിലൊരാളാണ് വിരാട് കോഹ്‌ലി. ഫോർമാറ്റുകളിലുടനീളം അദ്ദേഹം ഇന്ത്യക്കായി തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചിട്ടുള്ളത്. 81 സെഞ്ചുറികൾ ഈ കാലയളവിൽ നേടാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഏകദിനത്തിൽ 50 സെഞ്ചുറികൾ നേടിയ കോഹ്‌ലിയുടെ പേരിലാണ് ഫോർമാറ്റിൽ ഏറ്റവും അധികം സെഞ്ച്വറി നേടിയ താരത്തിന്റെ റെക്കോഡ് ഇരിക്കുന്നതും. ഏകദിനത്തിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ എന്ന റെക്കോഡ് ആകട്ടെ അദ്ദേഹത്തിൻ്റെ സഹതാരം രോഹിത് ശർമ്മയുടെ പേരിലാണ്. 2014ൽ ശ്രീലങ്കയ്‌ക്കെതിരെ 264 റൺസാണ് രോഹിത് നേടിയത്. മൂന്ന് ഇരട്ട സെഞ്ചുറിയും രോഹിത്തിന്റെ പേരിൽ ഏകദിനത്തിൽ ഉണ്ട്. ഇതും ഒരു റെക്കോഡാണ്.

ഇരുത്തരങ്ങളുടെയും വളർച്ചയിൽ വലിയ രീതിയിൽ പങ്ക് വഹിച്ച മുൻ നായകൻ ധോണി ആകട്ടെ വൈറ്റ് ബോൾ ക്രിക്കറ്റിലെ ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷറും വിക്കറ്റ്‌കീപ്പറും ആയിട്ടാണ് അറിയപ്പെടുന്നത്. അങ്ങനെ ഏകദിന ഫോർമാറ്റ് കണ്ട ഏറ്റവും മികച്ച താരങ്ങളായ ധോണിയും, രോഹിതും, കോഹ്‌ലിയും ഇത്രയധികം നേട്ടങ്ങൾ ഉണ്ടാക്കിയിട്ടും ഇവർ ഏറ്റവും മികച്ച 5 ഇന്ത്യൻ താരങ്ങളുടെ പട്ടികയിൽ ഇല്ലെന്നാണ് മുൻ ഇന്ത്യൻ താരം വെങ്കിടേഷ് പ്രസാദ് പറയുന്നത്.

അദ്ദേഹത്തിന്റെ നോട്ടത്തിൽ ഏറ്റവും മികച്ചവർ: സച്ചിൻ ടെണ്ടുൽക്കറിലൂടെയാണ് അദ്ദേഹം ആരംഭിച്ചത്, ഇന്ത്യക്കായി കളിച്ചതിൽ വച്ച് ഏറ്റവും മികച്ച താരമായിട്ടാണ് സച്ചിൻ അറിയപ്പെടുന്നത്. 100 അന്താരാഷ്‌ട്ര സെഞ്ചുറികളുടെ റെക്കോർഡ് അദ്ദേഹത്തിനുണ്ട്. 1983 ലോകകപ്പിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച കപിൽ ദേവിന് രണ്ടാം സ്ഥാനം ലഭിച്ചു. ടെസ്റ്റിൽ 10,000 റൺസ് തികയ്ക്കുന്ന ആദ്യ താരമായ സുനിൽ ഗവാസ്‌കറാണ് മൂന്നാം സ്ഥാനത്ത്.

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ അനിൽ കുംബ്ലെയാണ് മികച്ച നാലാമത്തെ താരം. ജവഗൽ ശ്രീനാഥ്, വീരേന്ദർ സെവാഗ്, ഗുണ്ടപ്പ വിശ്വനാഥ് എന്നിവർക്ക് വെങ്കിടേഷ് അഞ്ചാം സ്ഥാനം നൽകി.

എന്തായാലും ഈ ലിസ്റ്റിൽ കോഹ്‌ലിയും രോഹിതും ധോണിയുമൊക്കെ നാലും അഞ്ചും സ്ഥാനം എങ്കിലും അർഹിച്ചു എന്ന് പറയുന്നവർ നിരവധിയാണ്.