മാധ്യമപ്രവർത്തകരോട് മാപ്പ് പറഞ്ഞ് റിങ്കു, അങ്ങനെ കരുതിയില്ല എന്നും താരം; സംഭവം ഇങ്ങനെ

സൗത്താഫ്രിക്കക്ക് എതിരെയുള്ള ആദ്യ ടി 20 യിൽ ഇന്ത്യ തോറ്റെങ്കിലും, ഇന്ത്യക്ക് ആശ്വസിക്കാൻ ഒരു വക ഉണ്ടായിരുന്നു . ഇന്ത്യയുടെ പുതിയ ഫിനിഷർ റിങ്കു സിംഗ് തന്റെ കന്നി അർദ്ധ സെഞ്ച്വറി അടിച്ച് ടീം ഇന്ത്യയെ വലിയ നാണക്കേടിൽ നിന്ന് രക്ഷിച്ചു. പവർപ്ലേയുടെ അവസാനത്തിൽ ഇന്ത്യയുടെ മൂന്നാം വിക്കറ്റ് നഷ്ടമായതിന് പിന്നാലെയാണ് റിങ്കു ഇറങ്ങിയത്. എന്നിരുന്നാലും തുടക്കത്തിൽ പക്വതയോടെയും പിന്നെ ഗിയർ മാറ്റിയും താരം ഇന്ത്യൻ സ്കോർ ബോർഡ് ചലിപ്പിച്ചു.

കഴിഞ്ഞ ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്തയ്ക്ക് വേണ്ടി അവസാന ഓവറുകളിൽ നടത്തിയ വെടിക്കെട്ട് പ്രകടനങ്ങളോടെ വാർത്തകളിൽ ഇടം നേടിയ താരം ഇന്ത്യക്ക് വേണ്ടി കളിക്കാൻ അവസരം കിട്ടിയപ്പോൾ എല്ലാം അത് നന്നായി ഉപയോഗിച്ചു. ഓസ്‌ട്രേലിയക്ക് എതിരെ അടുത്തിടെ സമാപിച്ച ടി 20 പരമ്പരയിൽ ഇന്ത്യ ജയം സ്വന്തമാക്കിയപ്പോൾ അന്ന് റിങ്കു വലിയ രീതിയിൽ ഉള്ള പങ്ക് വഹിച്ചിരുന്നു. ഓരോ മത്സരങ്ങളും ആവശ്യപ്പെടുന്ന സാഹചര്യങ്ങളിൽ കളിക്കാൻ സാധിക്കുന്നു എന്നതാണ് റിങ്കുവിനെ വ്യത്യസ്തനാക്കുന്ന കാര്യം. ആദ്യ പന്ത് മുതൽ ആക്രമിക്കുക എന്ന തന്ത്രത്തോടൊപ്പം വിക്കറ്റുകൾ പോകൂന്നതിന് അനുസരിച്ച് തന്റെ രീതികൾ മാറ്റാനും താരത്തിന് സാധിക്കുന്നു.

ഇന്ത്യൻ മണ്ണിൽ നിന്ന് ദക്ഷിണാഫ്രിക്കൻ പരമ്പരക്കായി എത്തുമ്പോൾ റിങ്കുവിന്റെ പ്രകടനം ഏവരും ഉറ്റുനോക്കിയിരുന്നു. സെന്റ് ജോർജ്‌സ് പാർക്കിൽ നടക്കുന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ 19.3 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 180 റൺസെടുത്തിരിക്കെയാണ് മഴയെത്തിയപ്പോൾ തിളങ്ങിയത് 39 പന്തിൽ 68 റൺസെടുത്ത റിങ്കു സിംഗ് തന്നെ ആയിരുന്നു. അർദ്ധ സെഞ്ച്വറി നേടിയ സൂര്യകുമാർ യാദവും മികച്ച് നിന്നെങ്കിലും റിങ്കു തന്നെ ആയിരുന്നു സ്റ്റാർ. പവർ പ്ലേയിൽ മൂന്ന് വിക്കറ്റുകൾ ഇന്ത്യക്ക് നഷ്ടമായ ഇന്ത്യയെ രക്ഷിച്ചത് റിങ്കു സൂര്യകുമാർ കൂട്ടുകെട്ട് ആയിരുന്നു.

റിങ്കു അടിച്ച ചില ഷോട്ടുകളെ ഒന്നും വർണ്ണിക്കാൻ വാക്കുകൾ ഇല്ലായിരുന്നു . അതിൽ ഒരു സിക്സ് മാധ്യപ്രവർത്തകർ ഇരുന്ന ബോക്സിന്റെ ചില്ല് തകർക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിച്ചു. ഇത് കളിക്കിടെ റിങ്കു അറിഞ്ഞിരുന്നില്ല. മത്സരശേഷം ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് അദ്ദേഹം പറഞ്ഞ മറുപടി ഇങ്ങനെ ആയിരുന്നു- “എന്റെ സിക്സില് ഗ്ലാസ് പൊട്ടിയത് ഞാൻ അറിഞ്ഞില്ല. അതിൽ ഞാൻ ഖേദിക്കുന്നു.”