ദ്രാവിഡ് തെറിച്ചു; ഡല്‍ഹിയ്ക്ക് സര്‍പ്രൈസ് പരിശീലകന്‍

ന്യൂഡല്‍ഹി: ഐപിഎല്‍ പുതിയ സീസണില് ഡല്‍ഹി ഡയര്‍ ഡെവിള്‍സിന് പുതിയ പരിശീലകന്‍. ഓസ്‌ട്രേലിയയുടെ ഇതിഹാന നായകന്‍ റിക്കി പോണ്ടിംഗ് ആണ് ഡല്‍ഹി ഡയര്‍ ഡെവിള്‍സിന്റെ പരിശീലകനാകുക. ദ്രാവിഡിന്റെ പകരക്കാരനായിട്ടാണ് പോണ്ടിംഗിനെ ഡല്‍ഹി ടീമിന്റെ പരിശീലകനാക്കുന്നത്.

ഐപിഎല്ലില്‍ കഴിഞ്ഞ സീസണുകളിലെ ഡല്‍ഹിയുടെ മോശം ഫോമും ഇന്ത്യയുടെ അണ്ടര്‍ 19 ടീമിന്റെ പരിശീലക സ്ഥാനവും ദ്രാവിഡനെ ഒഴിവാക്കാന്‍ ഡല്‍ഹി മാനേജുമെന്റിനെ പ്രേരിപ്പിച്ചു.

നിലവില്‍ ഓസ്‌ട്രേലിയന്‍ ടി20 ടീമിന്റെ പരിശീലകനായി പോണ്ടിംഗിനെ നിയമിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇക്കാര്യത്തില്‍ മാറ്റങ്ങളുണ്ടാകുമോയെന്ന് വ്യക്തമല്ല. നേരത്തെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ പരിശീലക സ്ഥാനവും പോണ്ടിംഗ് വഹിച്ചിരുന്നു.

റിഷാഭ് പന്ത്, ശ്രേയസ് അയ്യര്‍, ക്രിസ് മോറിസ് എന്നിവരെയാണ് ഡെല്‍ഹി ഈ സീസണില്‍ നിലനിര്‍ത്തിയ താരങ്ങള്‍. ജനുവരി 27,28 തിയതികളില്‍ ബംഗളൂരുവിലാണ് പുതിയ സീസണിലേക്കുള്ള താരങ്ങളുടെ ലേലം നടക്കുന്നത്. മറ്റു ടീമുകളും പ്രമുഖ താരങ്ങളെ നിലനിര്‍ത്തിയിട്ടുണ്ട്. കൊല്‍ക്കത്ത ഗൗതം ഗംഭീറിനെ കൈവിട്ടതാണ് ഒരേയൊരു സര്‍പ്രൈസ്.