പരിക്ക് മാറി, പക്ഷേ തിരിച്ചുവരവില്‍ ജഡേജ ഇന്ത്യയ്ക്ക് സമ്മാനിച്ചത് നിരാശ

പരിക്ക് മാറി ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താനുള്ള തയ്യാറെടുപ്പിലാണ് സൂപ്പര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ. പരിക്ക് ഭേദമായി തിരിച്ചെത്തിയ ശേഷം നിലവില്‍ രഞ്ജി ട്രോഫിയില്‍ സൗരാഷ്ട്രയ്ക്കായി ഇറങ്ങി. എന്നാല്‍ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം പുറത്തെടുക്കാന്‍ സൗരാഷ്ട്രയുടെ നായകന്‍ കൂടിയായ ജഡേജയ്ക്ക് സാധിച്ചില്ല.

പന്തുകൊണ്ടും ബാറ്റുകൊണ്ടും മത്സരത്തില്‍ ജഡേജ ഫ്ളോപ്പായി. 24 ഓവറുകള്‍ പന്തെറിഞ്ഞ് മൂന്ന് മെയ്ഡനടക്കം 48 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റാണ് രവീന്ദ്ര ജഡേജ വീഴ്ത്തിയത്. അധികം റണ്‍സ് വഴങ്ങിയില്ലെങ്കിലും വിക്കറ്റ് നേടുന്നതില്‍ പിന്നോട്ട് പോയി.

ആറാം നമ്പറിലാണ് ബാറ്റ് ചെയ്യാന്‍ ജഡേജയെത്തിയത്. 23 പന്ത് നേരിട്ട താരം നേടിയത് വെറും 15 റണ്‍സാണ്. മൂന്ന് ബൗണ്ടറികളും ഇതില്‍ ഉള്‍പ്പെടും. മത്സരത്തില്‍ സൗരാഷ്ട്രക്കെതിരേ തമിഴ്നാടിനാണ് ആധിപത്യം നേടി. ആദ്യം ബാറ്റ് ചെയ്ത തമിഴ്നാട് ഒന്നാം ഇന്നിംഗ്സില്‍ 324 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ സൗരാഷ്ട്രക്ക് 192 റണ്‍സാണ് നേടാനായത്.

ഓസ്ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി അടുത്ത മാസം ആരംഭിക്കാനിരിക്കെ ജഡേജയുടെ രഞ്ജി ട്രോഫിയിലെ പ്രകടനത്തില്‍ എല്ലാവരും വലിയ പ്രതീക്ഷ വെച്ചിരുന്നു. എന്നാല്‍ താരത്തിന്റെ ഈ പ്രകടനം ഇന്ത്യയ്ക്ക് അത്ര സുഖകരമായ സിഗ്നലല്ല നല്‍കിയിരിക്കുന്നത്. എന്നിരുന്നാലും താരം 24 ഓവര്‍ താരം ബോള്‍ ചെയ്തു എന്നത് ആശ്വാസകരമാണ്.