പാകിസ്ഥാന്‍- സിംബാബ്‌വെ ടെസ്റ്റ് പരമ്പര വെറും തമാശ; തുറന്നടിച്ച് റമീസ് രാജ

പാകിസ്ഥാനും സിംബാബ്‌വേയും തമ്മിലുള്ള ടെസ്റ്റ് പരമ്പര വെറും തമാശയായാണ് തോന്നുന്നതെന്ന് പറഞ്ഞ് പാക് മുന്‍ താരം റമീസ് രാജ. ദുര്‍ബലരായ ടീം ശക്തമായ ഒരു ടീമിനെ കളിക്കുമ്പോള്‍ ചിലത് പഠിക്കുമെന്നും എന്നാല്‍ പാകിസ്ഥാനെതിരെ അങ്ങനൊന്ന് നേടിയെടുക്കാന്‍ സിംബാബ്‌വെയ്ക്ക് കഴിഞ്ഞെന്ന് കരുതുന്നില്ലെന്നും റമീസ് രാജ പറഞ്ഞു.

“ദുര്‍ബലരായ ടീം ശക്തമായ ഒരു ടീമിനെതിരെ കളിക്കുമ്പോള്‍ മത്സരത്തിന്റെ ഫലത്തേക്കാള്‍ അതില്‍ നിന്ന് കുറേ കാര്യങ്ങള്‍ പഠിക്കുന്നുണ്ട്. ശക്തമായ ടീമിനെതിരെ കളിയുടെ മാറുന്ന സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ നിങ്ങള്‍ പഠിക്കുന്നു. എന്നാല്‍ ഈ പരമ്പരയില്‍ നിന്ന് സിംബാബ്‌വേ ഒന്നും പഠിച്ചെന്ന് ഞാന്‍ കരുതുന്നില്ല. കാരണം, ആദ്യ ടെസ്റ്റിനെ അപേക്ഷിച്ച് രണ്ടാം ടെസ്റ്റിലെ അവരുടെ പ്രകടനത്തില്‍ കാര്യമായ വ്യത്യാസം കണ്ടില്ല.”

“ടെസ്റ്റ് ക്രിക്കറ്റ് ഇതിനകം സമ്മര്‍ദ്ദത്തിലാണ്. വളരെ കുറച്ച് ആളുകള്‍ മാത്രമാണ് ഇത് കാണുന്നത്. ഇത്തരം ഏകപക്ഷീയമായ മത്സരങ്ങള്‍ നിങ്ങള്‍ കാണിക്കുകയാണെങ്കില്‍, അവര്‍ ഫുട്‌ബോള്‍ അല്ലെങ്കില്‍ മറ്റ് കായിക വിനോദങ്ങള്‍ കാണുന്നതിലേക്ക് മാറും. മൂന്ന് ദിവസത്തെ ടെസ്റ്റ് മത്സരം ഒരു തമാശയാണ്. ഇത് വളരെ നിരാശാജനകമാണ്” റമീസ് രാജ പറഞ്ഞു.

പാകിസ്ഥാനെതിരായ രണ്ട് ടെസ്റ്റുകളിലും സിംബാബ്‌വേയ്ക്ക് കാര്യമായ ഒരു വെല്ലുവിളിയും ഉയര്‍ത്താനായിരുന്നില്ല. ആദ്യ ടെസ്റ്റില്‍ പാകിസ്ഥാന്‍ മൂന്ന് ദിവസത്തിനുള്ളില്‍ വിജയം കൈവരിച്ചപ്പോള്‍ രണ്ടാം ടെസ്റ്റില്‍ പാകിസ്ഥാന്‍ ഇന്നിംഗ്‌സ് ജയം ആഘോഷിച്ചു. 2-0 ന് പരമ്പരയും സ്വന്തമാക്കി.