മുംബൈ ഇന്ത്യന്‍സ് ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത; രഞ്ജി സൂപ്പര്‍ താരം ഐപിഎല്ലിലേക്ക്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണ്‍ അടുത്തിരിക്കെ മുംബൈ ഇന്ത്യന്‍സ് ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്തകൂടി. ഇക്കഴിഞ്ഞ രഞ്ജി ട്രോഫിയില്‍ വിദര്‍ഭയുടെ കിരീട നേട്ടത്തില്‍ നിര്‍ണായക താരമായ രജ്‌നീഷ് ഗുര്‍ബാനി ഈ ഐപില്ലില്‍ മുംബൈ ജെഴ്‌സി അണിഞ്ഞേക്കും. മുംബൈ ഇന്ത്യന്‍സിന്റെ അവസാന ഘട്ട സെലക്ഷന്‍ ട്രയല്‍സിനായി ഗുര്‍ബാനി മുംബൈയിലെത്തി.

സെലക്ഷന്‍ ലഭിച്ചാല്‍ രഞ്ജി ട്രോഫി ഫൈനലില്‍ ഡല്‍ഹിക്കെതിരേ ഹാട്രിക്കടക്കം എട്ടുവിക്കറ്റുമായി തിളങ്ങിയ ഗുര്‍ബാനിയുടെ ഐപിഎല്‍ അരങ്ങേറ്റത്തിനാകും ഈ സീസണ്‍ വഴിയൊരുക്കുക. 39 വിക്കറ്റുകള്‍ നേടിയ ഗുര്‍ബാനിയാണ് ഈ സീസണ്‍ രഞ്ജിയിലെ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ രണ്ടാമത്തെ താരം.

1993ല്‍ നാഗ്പൂരില്‍ ജനിച്ച ഗുര്‍ബാനി മുംബൈയിലാണ് കുട്ടിക്കാലം ചെലവിട്ടത്. പിന്നീട്, കുടുംബം നാഗ്പൂരിലേക്ക് മാറിയപ്പോള്‍ തട്ടകം മാറ്റിയ താരം വിവിധ മത്സരങ്ങളില്‍ കഴിവ് തെളിയിച്ചാണ് സംസ്ഥാന ടീമില്‍ ഇടം നേടിയത്. അതേസമയം, രഞ്ജി സീസണിലെ മികച്ച പ്രകടനം ഇരുപത്തിനാലുകാരന്‍ ഐപിഎല്‍ പ്രവേശനം സുഗമമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Read more

2015 ഡിസംബറില്‍ വിദര്‍ഭ സീനിയര്‍ ടീമില്‍ മത്സരം തുടങ്ങിയ താരത്തിന് അതിനും ഒരു വര്‍ഷത്തിന് ശേഷമാണ് ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തിയത്.