ഇന്ത്യന്‍ ടീം വിടുന്ന ദ്രാവിഡ് മറ്റൊരു ടീമിലേക്ക്, ബിസിസിഐ പുതിയ കരാര്‍ വാഗ്ദാനം ചെയ്തില്ലെങ്കില്‍ അത് സംഭവിക്കും!

ടീം ഇന്ത്യയുടെ മുഖ്യ പരിശീലകനെന്ന നിലയില്‍ രാഹുല്‍ ദ്രാവിഡിന്റെ കാലാവധി അവസാനിച്ചിരിക്കുകയാണ്. തുടര്‍ന്നു ആ റോളില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന വിവരം ദ്രാവിഡ് ഇതിനോടകം ബിസിസിഐയെ അറിയിച്ച് കഴിഞ്ഞു. ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് മടങ്ങുന്നതിനെക്കുറിച്ചാണ് അദ്ദേഹം ആലോചിക്കുന്നത്. നിലവില്‍ വിവിഎസ് ലക്ഷ്മണ്‍ ടീം ഇന്ത്യയില്‍ ദ്രാവിഡിന്റെ സ്ഥാനം ഏറ്റെടുത്തു.

അതിനിടെ വരാനിരിക്കുന്ന സീസണിന് മുന്നോടിയായി ഐപിഎല്‍ ഫ്രാഞ്ചൈസികളിലൊന്നില്‍ ദ്രാവിഡ് ചേരുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മാധ്യമപ്രവര്‍ത്തകന്‍ അഭിഷേക് ത്രിപാഠിയുടെ അഭിപ്രായത്തില്‍, ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ഒരു പുതിയ കരാര്‍ വാഗ്ദാനം ചെയ്തില്ലെങ്കില്‍, ദ്രാവിഡിന് ലഖ്നൗ സൂപ്പര്‍ ജയന്റ്സിന്റെ ഉപദേശകനായി സ്ഥാനം ഏറ്റെടുത്തേക്കും.

ലഖ്നൗ സൂപ്പര്‍ ജയന്റ്സിന്റെ ഉപദേശകനായിരുന്ന ഗൗതം ഗംഭീര്‍ ഐപിഎല്‍ പുതിയ സീസണിന് മുന്നോടിയായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലേക്ക് മടങ്ങിയിരുന്നു. രാജസ്ഥാന്‍ റോയല്‍സും തങ്ങളുടെ മുന്‍ താരം ദ്രാവിഡിനെ തിരികെ കൊണ്ടുവരാനുള്ള സാധ്യതകള്‍ നോക്കുന്നുണ്ടെങ്കിലും ലഖ്നൗവില്‍ നിന്നുള്ള ഓഫര്‍ വലുതാണെന്നാണ് വിവരം.

ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിക്കാന്‍ ദ്രാവിഡിന് കഴിഞ്ഞില്ല. 2022 ലെ ഐസിസി ടി20 ലോകകപ്പിന്റെ സെമി ഫൈനലില്‍ ഇന്ത്യ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടു, അതേസമയം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഓസ്ട്രേലിയയോട് പരാജയപ്പെട്ടു.
നവംബര്‍ 19 ന് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ഐസിസി ലോകകപ്പ് ഫൈനലിലും ഓസ്ട്രേലിയയോട് തോല്‍ക്കാനിയിരുന്നു ഇന്ത്യയുടെ വിധി.