'അതിനു പിന്നില്‍ ഒരേയൊരു കാരണം', ധോണിയുടെ സ്ഥാനലബ്ധിയോട് പ്രതികരിച്ച് ഗംഭീര്‍

ട്വന്റി20 ലോക കപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ മാര്‍ഗദര്‍ശിയായി മുന്‍ ക്യാപ്റ്റന്‍ എം.എസ്. ധോണിയെ നിയോഗിച്ച ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ആരാധകര്‍ക്കും ക്രിക്കറ്റ് വൃത്തങ്ങള്‍ക്കും വലിയ സര്‍പ്രൈസാണ് നല്‍കിയത്. സെലക്ടര്‍മാരുടെ തീരുമാനം പല കോണുകളില്‍ നിന്നും അഭിനന്ദിക്കപ്പെട്ടു. ധോണിയുടെ കടുത്ത വിമര്‍ശകനായ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീറും ഇതു സംബന്ധിച്ച് പ്രതികരിച്ചു. ധോണിയെ മെന്ററായി നിയോഗിച്ചത് ഇന്ത്യന്‍ ടീമിന് ഗുണം ചെയ്യുമെന്ന് ഗംഭീര്‍ പറയുന്നു.

ധോണിയുടെ ദൗത്യം സംബന്ധിച്ച് കൃത്യമായ രൂപരേഖയുണ്ടാകുമെന്നത് ഉറപ്പാണ്. മുഖ്യകോച്ചും അസിസ്റ്റന്റ് കോച്ചും ബൗളിംഗ് കോച്ചുമെല്ലാം ഇന്ത്യന്‍ ടീമിനുണ്ട്. എങ്കിലും വിരാട് കോഹ്ലിയും രവി ശാസ്ത്രിയും ഇപ്പോള്‍ ഉള്ളതില്‍ കൂടുതല്‍ എന്തോ ആവശ്യപ്പെടുന്നു. ട്വന്റി20യില്‍ ഇന്ത്യ വിജയകരമായ പ്രകടനമാണ് നടത്തിയിട്ടുള്ളത്. ധോണിയെ മാര്‍ഗദര്‍ശിയാക്കിയത് ഇന്ത്യ ട്വന്റി20യില്‍ ബദ്ധപ്പെടുന്നതുകൊണ്ടല്ല.- ഗംഭീര്‍ പറഞ്ഞു.

ടീമിന്റെ വൈദഗ്ധ്യം ഉയര്‍ത്തുന്നതിനെക്കാള്‍ മാനസികമായ തയാറെടുപ്പിന് താരങ്ങളെ സഹായിക്കുകയാവും ധോണിയുടെ ചുമതല. നിര്‍ണായക മത്സരങ്ങളില്‍ സമ്മര്‍ദ്ദം അതിജീവിക്കാനുള്ള ധോണിയുടെ കഴിവാകും ഇത്തരമൊരു ചുമതല അദ്ദേഹത്തിന് നല്‍കാന്‍ സെലക്ടര്‍മാരെ പ്രേരിപ്പിച്ചത്. സുപ്രധാന കളികളില്‍ സമ്മര്‍ദ്ദം കൈകാര്യം ചെയ്യുന്നതിന് താരങ്ങളെ തുണയ്ക്കാന്‍ ധോണിക്കു കഴിയുമെന്നും ഗംഭീര്‍ വിലയിരുത്തി.