പിഎസ്എല്‍ വേണ്ട, ഉളള ജീവന്‍ മതി, പാകിസ്ഥാനില്‍ നിന്ന് മടങ്ങാന്‍ ഒരുങ്ങി ഇംഗ്ലണ്ട് താരങ്ങള്‍, ആശങ്ക അറിയിച്ച് ക്രിക്കറ്റ് ബോര്‍ഡുകള്‍

ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് വിടാനൊരുങ്ങി വിദേശ താരങ്ങള്‍. നാട്ടിലേക്ക് മടങ്ങാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇംഗ്ലണ്ട് താരങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ പാകിസ്ഥാനില്‍ ഒന്നാകെ ഭീതി പരന്നതോടെയാണ് പിഎസ്എല്‍ കളിക്കാനെത്തിയ താരങ്ങളും പരിഭ്രാന്തരായത്. പിഎസ്എല്ലില്‍ കളിക്കുന്ന താരങ്ങളുടെ സുരക്ഷ സംബന്ധിച്ച് ഇംഗ്ലണ്ടിന് പുറമെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡും ആശങ്ക അറിയിച്ചിട്ടുണ്ട്.

ക്രിസ് ജോര്‍ദന്‍, സാം ബില്ലിങ്‌സ്, ടോം കറന്‍, ജെയിംസ് വിന്‍സ്, ഡേവിഡ് വില്ലി, ടോം കോഹ്ലര്‍, ലൂക്ക് വൂഡ് എന്നീ ഏഴ് ഇംഗ്ലീഷ് താരങ്ങളാണ് പിഎസ്എലില്‍ കളിക്കുന്നത്. ഇവരില്‍ ഡേവിഡ് വില്ലി, ക്രിസ് ജോര്‍ദന്‍ എന്നീ താരങ്ങളാണ് നാട്ടിലേക്ക് മടങ്ങണമെന്ന ആവശ്യവുമായി ആദ്യം രംഗത്തെത്തിയത്. മുള്‍ട്ടാന്‍ സുല്‍ത്താന്‍സ് ടീമിനായി പിഎസ്എലില്‍ കളിക്കുന്ന താരങ്ങളാണ് ഇവര്‍. മുള്‍ട്ടാന്‍ സുല്‍ത്താന്‍സ് പ്ലേഓഫില്‍ നിന്ന് പുറത്തായതോടെ ഒരു മത്സരം മാത്രമാണ് ഇവരുടെ ടീമിന് ശേഷിക്കുന്നത്. ഈയൊരു സാഹചര്യത്തിലാണ് ഇവര്‍ ഉടന്‍ മടങ്ങണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്.

അതേസമയം പാകിസ്ഥാനിലുളള താരങ്ങളുമായി ഇംഗ്ലണ്ട്, വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡുകളും പ്രൊഫഷണല്‍ ക്രിക്കറ്റ് അസോസിയേഷനും നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും എന്നാല്‍ പാകിസ്ഥാനില്‍ നിന്ന് മടങ്ങണമെന്ന് അവര്‍ ഇതുവരെ ആവശ്യപ്പെട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. പാകിസ്ഥാനിലെ സ്ഥിതിഗതികള്‍ യുകെ സര്‍ക്കാര്‍ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്. സംഘര്‍ഷം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ബംഗ്ലാദേശ്- പാകിസ്ഥാന്‍ ടി20 പരമ്പരയും അനിശ്ചിതത്വത്തിലാണ്.