ഇന്ത്യയുടെ പുതിയ കോച്ച് ആരെന്ന് പറഞ്ഞ് പ്രസാദ്; മെന്ററുടെ കാര്യത്തിലും നിലപാട് അറിയിച്ചു

രവി ശാസ്ത്രിക്കുശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകന്‍ ആരാകുമെന്ന ചര്‍ച്ചകള്‍ സജീവമാകുകയാണ്. മുന്‍ ഇന്ത്യന്‍ താരവും ബിസിസിഐ സെലക്ടറുമായ എം.എസ്.കെ പ്രസാദിനും ഇക്കാര്യത്തില്‍ ചില അഭിപ്രായങ്ങളുണ്ട്. ശാസ്ത്രിക്കുശേഷം രാഹുല്‍ ദ്രാവിഡിനെ കോച്ചാക്കണമെന്നാണ് പ്രസാദ് പറയുന്നത്. എം.എസ്. ധോണിയെ ഇന്ത്യന്‍ ടീമിന്റെ മാര്‍ഗനിര്‍ദേശകനായി നിലനിര്‍ത്തണമെന്നും പ്രസാദ് നിര്‍ദേശിക്കുന്നു.

രാഹുല്‍ ദ്രാവിഡിനെ ഇന്ത്യന്‍ കോച്ചായും ധോണിയെ മെന്ററായും നിയമിക്കണമെന്നാണ് എന്റെ അഭിപ്രായം. ഐപിഎല്‍ കമന്ററിക്കിടെ സഹ പ്രവര്‍ത്തകരുമായി ഇക്കാര്യം ചര്‍ച്ചചെയ്തിരുന്നു. ദ്രാവിഡ് പരിശ്രമശാലിയായ വ്യക്തിയാണ്. ഇന്ത്യന്‍ ക്രിക്കറ്റിന് അധിക മൂല്യം നല്‍കാന്‍ അദ്ദേഹത്തിന് സാധിക്കും- പ്രസാദ് പഞ്ഞു.

ദ്രാവിഡിനൊപ്പം ധോണിയെ മെന്ററാക്കിയാല്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ അത് വന്‍ കുതിപ്പിന് കാരണമാകും. രണ്ടുപേരും ശാന്തതയും സമചിത്തതയും ഉള്ളവരാണ്. ദ്രാവിഡ് കഠിനാധ്വാനിയും പരിശ്രമിക്കാന്‍ മനസുള്ളയാളുമാണെന്നും പ്രസാദ് പറഞ്ഞു.