വായില്‍ കിടക്കുന്ന നാക്ക് വെച്ച് എന്തും പറയാമെന്നാണോ; ഇടഞ്ഞ് റമീസ് രാജ, പാക് താരത്തിന് പണികൊടുത്തു

പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെതിരെ അപകീര്‍ത്തികരവും തെറ്റായതുമായ പരാമര്‍ശങ്ങള്‍ നടത്തിയതിന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) മേധാവി റമീസ് രാജ വെറ്ററന്‍ വിക്കറ്റ് കീപ്പര്‍-ബാറ്റര്‍ കമ്രാന്‍ അക്മലിന് നോട്ടീസ് അയച്ചു. 20 ലോകകപ്പില്‍ ഇന്ത്യയ്ക്കും സിംബാബ്വെയ്ക്കുമെതിരെ ആദ്യ രണ്ട് മത്സരങ്ങളില്‍ പരാജയപ്പെട്ടതിന് ശേഷം മുന്‍ കളിക്കാരില്‍ നിന്നും വിദഗ്ധരില്‍ നിന്നും പാക് ടീം ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയായിരുന്നു.

പാകിസ്ഥാന്റെ മോശം പ്രകടനത്തില്‍ ടീമിനെതിരെയും റമീസ് രാജയ്‌ക്കെതിരെയും കമ്രാന്‍ അക്മല്‍ തന്റെ യൂട്യൂബ് ചാനലിലൂടെ നടത്തിയ പരാമര്‍ശങ്ങള്‍ പരിതിവിട്ടതിനെ തുടര്‍ന്നാണ് പിസിബിയുടെ നിയമനടപടി. കമ്രാനെതിരെ അവര്‍ എന്ത് കുറ്റമാണ് ചുമത്തിയതെന്ന് അറിയില്ല. പക്ഷേ കമ്രാന്‍ തന്നെക്കുറിച്ച് മാധ്യമങ്ങളില്‍ അപകീര്‍ത്തികരവും തെറ്റായതും കുറ്റകരവുമായ പരാമര്‍ശങ്ങള്‍ നടത്തിയതായി റമീസ് രാജയ്ക്ക് തോന്നിയതിനാലാണ് നോട്ടീസ് അയച്ചിരിക്കുന്നതെന്ന് ബോര്‍ഡിനോട് അടുത്ത വൃത്തങ്ങള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പാകിസ്ഥാന്‍ ക്രിക്കറ്റിനെതിരെ നടത്തിയ അപകീര്‍ത്തികരവും കുറ്റകരവും വ്യക്തിപരവും തെറ്റായതും ദോഷകരവുമായ അഭിപ്രായങ്ങള്‍ക്കെതിരെ വേഗത്തിലുള്ള നടപടിയെടുക്കാന്‍ പിസിബിയുടെ നിയമസംഘത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, വരും ദിവസങ്ങളില്‍ പാകിസ്ഥാന്‍ ടീമിനെക്കുറിച്ചുള്ള പരാമര്‍ശങ്ങളുടെ പേരില്‍ മറ്റ് ക്രിക്കറ്റ് വിദഗ്ധരും നിരീക്ഷണത്തിന് വിധേയരായേക്കാം.

ടീമിനെയും മാനേജ്മെന്റിനെയും ബോര്‍ഡിനെയും ചെയര്‍മാനെയും വിമര്‍ശിക്കുമ്പോള്‍ ചിലര്‍ അതിരു കടക്കുന്നു, ആരെങ്കിലും ഇനി പാകിസ്ഥാന്‍ ക്രിക്കറ്റിനെ അപകീര്‍ത്തിപ്പെടുത്തുകയോ കുറ്റപ്പെടുത്തുകയോ ചെയ്യുന്നത് താന്‍ സഹിക്കില്ലെന്ന് റമീസ് വ്യക്തമാക്കി.