ഔട്ടായതിന്റെ കലിപ്പില്‍ ബോളര്‍ക്ക് നേരെ ബാറ്റ് പ്രയോഗം; പാക് താരത്തിന് എതിരെ നടപടി

ഔട്ടായതിന്റെ കലിപ്പില്‍ ബോളര്‍ക്ക് നേരെ അപകടകരമായ രീതിയില്‍ ബാറ്റ് വീശിയ പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ആസിഫ് അലിക്കെതിരെ അച്ചടക്കലംഘനത്തിന് നടപടിയ്ക്ക് നീക്കം. ചൊവ്വാഴ്ച ട്രിനിഡാഡിലെ പോര്‍ട്ട്സ്‌പെയിനില്‍ അരങ്ങേറിയ കരീബിയന്‍ പ്രീമിയല്‍ ലീഗ് മത്സരത്തിനിടെയാണ് ആസിഫിന്റെ ബാറ്റ് പ്രയോഗം. ആസിഫിന്റെ പ്രകോപനപരമായ പ്രവൃത്തിക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ജമൈക്ക തലവാസും ഗയാന ആമസോണ്‍ വാരിയേഴ്‌സും തമ്മിലുള്ള മത്സരത്തിനിടെയാണ് വിവാദമായ സംഭവം അരങ്ങേറിയത്. ഔട്ടായിതിനെ തുടര്‍ന്ന് ഡ്രസിംഗ് റൂമിലേക്ക് മടങ്ങാനൊരുങ്ങിയ ആസിഫ് തന്നെ പുറത്താക്കിയ വാരിയേഴ്സിന്റെ പേസ് ബോളര്‍ കീമി പോളിന്റെ മുഖത്തേക്ക് ദേഷ്യത്തോടെ ബാറ്റു വീശുകയായിരുന്നു. തലനാരിഴയ്ക്കാണ് ബാറ്റ് കീമി പോളിന്റെ മുഖത്ത് കൊള്ളാതെ മാറിപോയത്.

മത്സരത്തില്‍ ജമൈക്ക തലവാസ അഞ്ച് വിക്കറ്റിന് വിജയിച്ചു. ടറൗബയിലെ ബ്രയാന്‍ ലാറ അക്കാദമി ഗ്രൗണ്ടിലും പോര്‍ട്ട് ഓഫ് സ്പെയിനിലെ ക്യൂന്‍സ് പാര്‍ക്ക് ഓവലിലുമാണ് മത്സരങ്ങള്‍ നടക്കുന്നത്. സെമിഫൈനലുകളും ഫൈനലും ബ്രയാന്‍ ലാറ അക്കാദമി സ്റ്റേഡിയത്തിലാണ് നടക്കുക. കോവിഡ് സാഹചര്യത്തിലാണ് മത്സരങ്ങള്‍ രണ്ട് വേദികളിലേക്കായി ചുരുക്കിയത്.

WATCH: Asif Ali

ഓഗസ്റ്റ് 18-നാണ് സി.പി.എല്ലിന് തുടക്കമായത്. സെപ്റ്റംബര്‍ 10-നാണ് ഫൈനല്‍. കോവിഡ് സാഹചര്യത്തില്‍ അടച്ചിട്ട സ്റ്റേഡിയങ്ങളിലാവും മത്സരങ്ങള്‍ നടക്കുക. ആറ് ടീമുകള്‍ മാറ്റുരക്കുന്ന കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ 33 മത്സരങ്ങളാണുള്ളത്.