ഓസ്‌ട്രേലിയയില്‍ ചുമടെടുത്ത് പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍; അനാദരവെന്ന് ആരാധകര്‍

ഓസ്‌ട്രേലിയയില്‍ ചുമടെടുത്ത് പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍. ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പരയ്ക്കായി വിമാനമിറങ്ങിയ പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കാണ് മോശം അനുഭവം നേരിടേണ്ടി വന്നത്. വിമാനത്താവളത്തില്‍ നിന്ന് ഹോട്ടല്‍ മുറിയിലേക്ക് തിരിക്കുമ്പോള്‍ ലഗേജുകളും കിറ്റുകളും സ്വയം ചുമന്നാണ് താരങ്ങള്‍ വാഹനത്തില്‍ കയറ്റിയത്.

പാകിസ്ഥാന്‍ താരങ്ങള്‍ ലഗേജുകളും കിറ്റുകളും ചുമക്കുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതോടെ വലിയ തോതിലുള്ള വിമര്‍ശനങ്ങളാണ് ഉയരുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങളെ ഇങ്ങനെയാണോ സ്വീകരിക്കുന്നതെന്നും ഓസ്‌ട്രേലിയ ചെയ്തത് അനാദരവാണെന്നും ആരാധകര്‍ വിമര്‍ശനം ഉന്നയിക്കുന്നു.

അതേ സമയം പാകിസ്ഥാന്‍ ടീമോ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് അധികൃതരോ സംഭവത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഓസ്‌ട്രേലിയക്കെതിരെ മൂന്ന് ടെസ്റ്റ് പരമ്പരകളാണ് പാകിസ്ഥാന്‍ കളിക്കുന്നത്. ലോകകപ്പിലെ മോശം പ്രകടനത്തിന് ശേഷമുള്ള പാകിസ്ഥാന്റെ ആദ്യ പരമ്പരയാണിത്. ഡിസംബര്‍ 14ന് പെര്‍ത്തിലാണ് ആദ്യ മത്സരം നടക്കുക.