പാകിസ്ഥാൻ ആരാധകർ അയാളോട് പറഞ്ഞു വിഷമിക്കരുത് തോറ്റത് ഒരു പോരാളിയോടാണ്, അന്ന് അയാൾ നൽകിയ ഉപദേശവും ആ അഞ്ച് പന്തുകളും

Sanalkumar Padmanabhan
 ബാറ്റ്സ്മാനെ പേടിപ്പെടുത്തുന്ന പെയ്സും, അലോസരപ്പെടുത്തുന്ന സ്വിങ്ങും, കുഴക്കുന്ന റിവേഴ്സ് സ്വിങ്ങും ചതിയിൽ പെടുത്തുന്ന വേരിയേഷനുമെല്ലാം കൈമുതലായി കിട്ടിയൊരു ബൗളർ “ഉമർ ഗുൽ” എന്ന പേരിൽ പാകിസ്ഥന്റെ പച്ചകുപ്പായത്തിൽ 2011 ലോകകപ്പിൽ അവതരിക്കുകയാണ് .

ഇമ്രാനും അക്രവും വഖാറും കാത്തു സൂക്ഷിച്ച പാകിസ്ഥാൻ ഫാസ്റ്റ് ബൗളിങ്ങിന്റെ പോരാട്ടവീര്യം നിറഞ്ഞ പാരമ്പര്യത്തെ അയാൾ ഇറുകേ പുണരുന്നത് കണ്ട ആരാധകർ മറ്റൊരു 92 അയാളിലൂടെ സ്വപ്നം കാണുകയായിരുന്നു. അയാളിലൂടെ ന്യൂസീലന്റിനെയും , ഓസ്‌ട്രേലിയയെയും , വിൻഡീസനെയും എല്ലാം ചവിട്ടി മെതിച്ചു കൊണ്ട് സെമിയിലേക്ക് കുതിച്ചെത്തുന്ന പാകിസ്ഥാൻ. അവർക്ക് ശ്രീലങ്കയുമായുള്ള ഫൈനൽ കളിക്കുവാനായി മുന്നിൽ ഒരേയൊരു തടസം മാത്രമേയുള്ളൂ-ഇന്ത്യ.

നിർണായക മത്സരങ്ങളിലെല്ലാം പെയ്സ് ബൗളിങ്ങിനു മുന്നിൽ പതറുന്ന ദുശീലമുള്ള ഇന്ത്യ ഇക്കുറി തങ്ങളുടെ പുത്തെൻ ബൗളിംഗ് പ്രതിഭാസത്തിനു മുന്നിൽ വീണു പോകും എന്നവർ കണക്ക് കൂട്ടിയിരുന്നു. അങ്ങനെ പാകിസ്ഥന്റെ ഫൈനൽ പ്രവേശനവും തങ്ങളുടെ ഹീറോയുടെ പ്രകടനവും കാണുവാനായി പച്ചകുപ്പായക്കാർ കൂട്ടത്തോടെ ആ മാർച്ച് 30 നു മൊഹാലി യിലേക്ക് കണ്ണുകൾ നട്ടിരിക്കുകയാണ്.ഒരു ബൗണ്ടറി വഴങ്ങിയെങ്കിലും ബാറ്റ്സ്മാനെ ബീറ്റൻ ചെയ്തു പോയ അഞ്ചു പന്തുകൾ എറിഞ്ഞു കൊണ്ട് ബാറ്റസ്മാനു മേൽ പൂർണമായും മാനസീക അധിപത്യം നേടിയ ആ ബൗളർ തന്റെ രണ്ടാമത്തെ ഓവറിനായി തയ്യാറെടുക്കുകയാണ് .

ആദ്യ പന്ത് എറിയുന്നതിനു മുൻപ് നോൺ സ്ട്രൈകിംഗ് എൻഡിൽ നിന്ന പത്താം നമ്പർ ജേഴ്സി ധരിച്ച അയാളുടെ പാർട്ണർ സ്ട്രൈകിങ് ബാറ്റ്സ്മാനോട് ഉപദേശരൂപേണ പറയുകയാണ് ” ലോകകപ്പിന്റെ സെമി ഫൈനൽ ആണ്‌ ക്രൂഷ്യൽ ഗെയിം ആണെന്നൊക്കെ വിചാരിച്ചു നീ നിന്റെ സ്വഭാവിക കളി കളിക്കാതിരിക്കരുത് , നീ നിന്റെ ശൈലിയിൽ കളിക്കുക ഗെയിം എന്ജോയ് ചെയ്യുക ” കുട്ടികാലം മുതലേ ഗുരുവായി കാണുന്ന ആ മനുഷ്യന്റെ വാക്കുകൾക്ക് മുന്നിൽ തലയാട്ടി നിന്ന് കൊണ്ട് പതിയെ ക്രീസിലേക്ക് നടന്നെത്തി ഹെൽമെറ്റ് ഒന്ന് ഊരി തലയിലെ ടവൽ കൊണ്ടുള്ള കെട്ടൊന്നു കൂടി മുറുക്കി കെട്ടി , ഗ്ലൗ ഒന്ന് ഊരിയുറപ്പിച്ചു ഫീൽഡിങ് പൊസിഷൻസ് ഒന്ന് നിരീക്ഷിച്ചു കൊണ്ട് ലെഗ് സ്റ്റമ്പ് ഗാർഡ് എടുക്കുന്ന അയാൾ.

ലെഗ് സ്റ്റമ്പിനെ ലക്‌ഷ്യം വച്ച് വന്ന അയാളുടെ ആദ്യ പന്തിനെ ഒരു ഫ്ലിക്കിലൂടെ മിഡ് വിക്കറ്റിലൂടെ ബൗണ്ടറി കടത്തി കൊണ്ട് ബൗളർക്ക് വെൽക്കം ബാക്ക് വിഷ് നൽകുന്ന അയാൾ. ബാറ്റ്സ്മാനെ വിക്കറ്റിനു മുന്നിൽ കുടുക്കുവാനായുള്ള തന്ത്രത്തിന്റെ ഭാഗമായി എറിഞ്ഞ സ്‌ട്രെയിട്ട് ഡെലിവറിക്കും ആദ്യ പന്തിനെ പോലെ മിഡ് വിക്കറ്റിലൂടെ ഒഴുകി പോകുവാൻ ആയിരുന്നു വിധി.

പെയ്സിൽ വെരിയേഷൻ വരുത്തി കൊണ്ട് സ്വിങ് ചെയ്തു വന്ന നാലാം പന്തിനെ മറ്റൊരു ഫ്ലിക്ക് കൊണ്ടു സ്കയർ ലെഗി ലൂടെ വീണ്ടും ബൗണ്ടറിക്കു ശിക്ഷിക്കുന്ന അയാൾ. ഓഫ്‌സ്റ്റമ്പിന് പുറത്തു സ്ലോ ആയി പിച്ച് ചെയ്ത അഞ്ചാം പന്ത് ഒരു കട്ട് ഷോട്ടിലൂടെ വീണ്ടും ബൗണ്ടറിയിലേക്ക് ഓഫിൽ ഫുൾ ലെങ്ത്തിൽ പിച് ചെയ്ത ആറാം പന്തും എക്സ്ട്രാ കവറിലൂടെ ബൗണ്ടറി കടന്നപ്പോൾ പാകിസ്ഥന്റെ കിരീടമോഹങ്ങളെ യാധാർഥ്യമാക്കുന്നൊരു സ്വപ്നവും കണ്ടു മൊഹലിക്കു വണ്ടി കയറിയ ആ പോരാളിയായ ബൗളറും, അയാളുടെ ടീമും , ആ ടീമിന്റെ ആരാധകരും അന്ന് ഒരിക്കൽ കൂടി ആ ബാറ്റസ്മാനു മുന്നിൽ തോറ്റു പോകുകയായിരുന്നു.

ഓരോവരിൽ അഞ്ചു ബൗണ്ടറികൾ വഴങ്ങി മൈൻഡ് ആകെ ഡിസ്റ്റർബ്ഡ് ആയതിനാൽ പിന്നീടുള്ള ഓവറുകളിൽ ലൈനും ലെങ്ത്തും കീപ് ചെയ്യാനാകാതെ എറിഞ്ഞു 8 ഓവറിൽ വിക്കറ്റ് ഒന്നുമില്ലാതെ 69 റൺസ് നൽകി ആ ലോകകപ്പിലെ അയാളുടെ ഏറ്റവും മോശം സ്പെല്ല് എറിഞ്ഞു തീർത്ത് അയാൾ നിരാശയോടെ തിരിഞ്ഞു നടക്കുമ്പോൾ ” 2004 മുൾട്ടൻ ” അന്നുമോർമയിൽ സൂക്ഷിക്കുന്ന പാകിസ്ഥാനി ആരാധകർ അയാളോട് ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു ” വിഷമിക്കരുത് ഗുൽ നിങ്ങളുടെ ഭാഗത്തു തെറ്റില്ല നിങ്ങൾ നന്നായി തന്നെയാണ് എറിഞ്ഞത് പക്ഷെ അപ്പുറത്തെ വശത്തു അയാളായി പോയി ! 2004 ഇൽ നമ്മുടെ മണ്ണിൽ വന്നു നമ്മുടെ നാട്ടുകാരുടെ മുന്നിൽ വച്ച് നമ്മളുടെ ബൗളർമാരെ തല്ലി ചതച്ച അതെ മനുഷ്യൻ !!! നമ്മുടെ പത്രങ്ങൾ വരെ സുൽത്താൻ ഓഫ് മുൾട്ടാൻ എന്ന് വിശേഷിപ്പിച്ച മനുഷ്യൻ-സേവാഗ്. എന്തൊരു മനുഷ്യൻ ആയിരുന്നു നിങ്ങൾ.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോൺ