റിഷഭിനെ തടയാന്‍ ഒരാള്‍ക്കു മാത്രമേ കഴിയൂ; വിലയിരുത്തലുമായി അക്തര്‍

ഇംഗ്ലണ്ട് പര്യടനത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യന്‍ യുവതാരം റിഷഭ് പന്തിനെ പ്രശംസിച്ച് പാകിസ്ഥാന്‍ ഇതിഹാസ ബോളര്‍ ശുഐബ് അക്തര്‍. റിഷഭിന്റെ കൈയില്‍ എല്ലാത്തരത്തിലുമുള്ള ഷോട്ടുകളുണ്ടെന്നും ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിച്ചാല്‍ അവന് കൂടുതല്‍ മെച്ചപ്പെടാനാകുമെന്നും അക്തര്‍ പറഞ്ഞു.

‘റിഷഭ് പന്തിന്റെ പക്കല്‍ എല്ലാ തരത്തിലുള്ള ഷോട്ടുകളുമുണ്ട്. കട്ട് ഷോട്ട്, പുള്‍ ഷോട്ട്, റിവേഴ്സ് സ്വീപ്പ് തുടങ്ങി എല്ലാ തരത്തിലുള്ള ഷോട്ടുകളും അവന്‍ കളിക്കും. ഭയമില്ലാതെ ഈ ഷോട്ടുകള്‍ റിഷഭ് കളിക്കുകയും ചെയ്യുന്നു. ഓസ്ട്രേലിയയില്‍ അവന്‍ ഇന്ത്യയെ മല്‍സരം വിജയിപ്പിച്ചിരുന്നു. ഇപ്പോള്‍ ഇംഗ്ലണ്ടിലും ടീമിനെ ജയത്തിലേക്കു നയിച്ചിരിക്കുകയാണ്.’

‘വളരെയധികം പ്രതിഭയുള്ള ക്രിക്കറ്ററാണ് റിഷഭ് പന്ത്. എതിരാളിയെ കുഴപ്പത്തിലാക്കാന്‍ അവനു കഴിയും. ഇംഗ്ലണ്ടുമായുള്ള ഏകദിനത്തില്‍ ഇന്നിംഗ്സിന്റെ വേഗത കൂട്ടുന്നതിനായി കൃത്യമായ കണക്കുകൂട്ടലോടെയുള്ള സമീപനമായിരുന്നു റിഷഭ് സ്വീകരിച്ചത്. അതിനു ശേഷം നിഷ്‌കരുണം ബോളര്‍മാരെ പ്രഹരിക്കുകയും ചെയ്തു.

‘ആഗ്രഹിക്കുന്ന സമയത്തു ഇന്നിംഗ്സിന്റെ വേഗത കൂട്ടുവാനുള്ള കഴിവ് റിഷഭിനുണ്ട്. അവന്‍ ഭാവിയിലൊരു സൂപ്പര്‍ സ്റ്റാറായി മാറു. റിഷഭിനെ തടഞ്ഞുനിര്‍ത്താന്‍ സാധിക്കുന്ന ഒരേയൊരാള്‍ അവന്‍ തന്നെയാണ്’ ഷുഐബ് അക്തര്‍ പറഞ്ഞു.