ഏകദിന ലോകകപ്പ്: അഫ്ഗാനെ നേരിടാനൊരുങ്ങുന്ന ഓസീസിന് അപ്രതീക്ഷിത തിരിച്ചടി

ഏകദിന ലോകകപ്പില്‍ ഓസ്ട്രേലിയയ്ക്ക് അപ്രതീക്ഷിത തിരിച്ചടി. അവരുടെ ടീമിന്റെ നട്ടെല്ലും മുന്‍ നായകനുമായ സ്റ്റീവ് സ്മിത്ത് അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിന് ലഭ്യമായേക്കില്ല. നെറ്റ്‌സില്‍ ബാറ്റ് ചെയ്യുമ്പോള്‍ താരത്തിന് അസ്വസ്ഥത അനുഭവപ്പെടുകയും പരിശീലനം പാതിവഴിയില്‍ നിര്‍ത്തി വിശ്രമിക്കുകയും ചെയ്തു. പ്രത്യക്ഷത്തില്‍ സ്മിത്തിന് തലകറക്കം ബാധിച്ചിരുന്നു.

സ്റ്റീവ് സ്മിത്തിനെയും ഓസ്ട്രേലിയന്‍ ടീമിനെയും വളരെ അടുത്ത് പിന്തുടരുന്ന ഒരാള്‍ സ്മിത്ത് നേരിട്ട ബുദ്ധിമുട്ടുകള്‍ പരാമര്‍ശിക്കുകയും ഓസീസ് ക്യാമ്പിന് ഇത് ആശങ്കാജനകമായ സൂചനയായിരിക്കുമെന്ന് പറയുകയും ചെയ്തു.

സെമി സീറ്റ് ഉറപ്പിക്കാന്‍ ഓസീസിനും അഫ്ഗാനും ഇന്ന് ജയം അനിവാര്യമാണ്. ഇന്ന് അഫ്ഗാനിസ്ഥാനെതിരായ മത്സരം വിജയിച്ചാല്‍ ഓസ്ട്രേലിയക്ക് സെമി ഉറപ്പിക്കാം. ഓസ്ട്രേലിയയെ അട്ടിമറിക്കാനായാല്‍ അഫ്ഗാനിസ്ഥാന്‍ ന്യൂസിലന്‍ഡിനെ മറികടന്ന് നാലാം സ്ഥാനത്തും എത്തും.

ആദ്യ രണ്ട് മത്സരങ്ങളിലെ പരാജയത്തില്‍ നിന്ന് പൂര്‍വാധികം ശക്തിയോടെ തിരിച്ചുവന്ന ഓസീസ് തുടരെ അഞ്ച് മത്സരങ്ങള്‍ വിജയിച്ചുകഴിഞ്ഞു. മറുവശത്ത് ഒരു സ്വപ്ന കുതിപ്പിലാണ് അഫ്ഗാനിസ്ഥാന്‍. ഇംഗ്ലണ്ട്, പാകിസ്ഥാന്‍, ശ്രീലങ്ക എന്നീ മുന്‍ ചാമ്പ്യന്മാരെ വീഴ്ത്താനായതിന്റെ അത്മവിശ്വസത്തിലാണ് അഫ്ഗാന്‍.