ടൈംഡ് ഔട്ട് വിവാദം; ഷക്കീബിനോട് യോജിക്കാനാവില്ല, പരിശീലക സ്ഥാനത്ത് തുടരില്ലെന്ന് ഡൊണാള്‍ഡ്

ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ ബോളിംഗ് പരിശീലക സ്ഥാനത്തുനിന്നു ദക്ഷിണാഫ്രിക്കന്‍ ഇതിഹാസ പേസര്‍ അല്ലന്‍ ഡൊണാള്‍ഡ് പിന്മാറുന്നു. ലോകകപ്പിലെ ടീമിന്റെ മോശം പ്രകടനത്തിനൊപ്പം ടൈംഡ് ഔട്ട് വിവാദവുമാണ് ഡൊണാള്‍ഡിന്റെ രാജിയ്ക്ക് പിന്നില്‍.

ടീം മീറ്റിംഗില്‍, ഡൊണാള്‍ഡ് തന്റെ സ്ഥാനമൊഴിയാനുള്ള തീരുമാനത്തെക്കുറിച്ച് കളിക്കാരെ അറിയിച്ചു. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിലെ (ബിസിബി) ഉന്നത ഉദ്യോഗസ്ഥന്‍ വാര്‍ത്ത സ്ഥിരീകരിച്ചു. ‘ഈ ലോകകപ്പിന് ശേഷം ഞങ്ങളോടൊപ്പം തുടരില്ലെന്ന് ടീം മീറ്റിംഗില്‍ അദ്ദേഹം ഞങ്ങളോട് പറഞ്ഞു” ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഓസ്ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പിലാണ് ഡൊണാള്‍ഡ് ബിസിബിയില്‍ ചേര്‍ന്നത്. ഈ റോളില്‍ മികച്ച പ്രകടനം നടത്തിയതിന് ശേഷം ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പ് വരെ അദ്ദേഹത്തിന്റെ കരാര്‍ നീട്ടിയിരുന്നു.

ടൈംഡ് ഔട്ടില്‍ ഉറച്ചു നിന്ന ബംഗ്ലാദേശ് നായകന്‍ ഷാകിബ് അല്‍ ഹസന്റെ കടുപ്പിച്ചുള്ള തീരുമാനം ക്രിക്കറ്റിന്റെ മാന്യതയ്ക്കു യോജിച്ചതല്ലെന്ന നിലപാടായിരുന്നു ഡൊണാള്‍ഡിന്റേതും. ആ സമയം കളിക്കളത്തിലിറങ്ങാന്‍ താന്‍ ആലോചിച്ചെന്നും നാടകമെല്ലാം അവസാനിപ്പിക്കാന്‍ ആയിരുന്നു ആഗ്രഹിച്ചത് എന്നും ഡൊണാള്‍ഡ് ലങ്കയ്‌ക്കെതിരായ മത്സരത്തിന് ശേഷം പറഞ്ഞിരുന്നു.

ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടന്ന ബംഗ്ലാദേശും ശ്രീലങ്കയും തമ്മിലുള്ള ലോകകപ്പ് മത്സരം മൈതാനത്ത് നിരവധി ചൂടേറിയ നിമിഷങ്ങള്‍ നിറഞ്ഞതായിരുന്നു. ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഷക്കിബ് അല്‍ ഹസന്റെ അപ്പീലിനെത്തുടര്‍ന്ന് വിചിത്രമായ പുറത്താകലിന് ഏയ്ഞ്ചലോ മാത്യൂസ് ഇരയായതിനാല്‍ അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യത്തെ ടൈംഡ്-ഔട്ട് പുറത്താകലിനും മൈതാനം സാക്ഷ്യം വഹിച്ചു.

രാജ്യാന്തര ക്രിക്കറ്റില്‍ ടൈംഡ് ഔട്ടായി പുറത്താകുന്ന ആദ്യ ബാറ്ററാണ് ഏഞ്ചലോ മാത്യൂസ്. ക്രിക്കറ്റ് നിയമപ്രകാരം ഒരു ബാറ്റര്‍ പുറത്തായി, രണ്ടു മിനിറ്റിനകം അടുത്ത ബാറ്റര്‍ പന്തു നേരിടാന്‍ തയാറാകണമെന്നാണ്. അല്ലെങ്കില്‍ എതിര്‍ ടീമിന് ടൈംഡ് ഔട്ട് ആവശ്യപ്പെടാം.