ഏകദിന ലോകകപ്പ്: ഇന്ത്യയെ ജയിക്കാന്‍ ഒരേയൊരു വഴിയേ ഉള്ളു; വിജയമന്ത്രമോതി ഗില്‍ക്രിസ്റ്റ്

ഏകദിന ലോകകപ്പില്‍ തോല്‍വി അറിയാതെ മുന്നേറുകയാണ് ടീം ഇന്ത്യ. കളിച്ച എട്ട് മത്സരത്തിലും ജയിച്ച ഇന്ത്യ ഒന്നാം സ്ഥാനക്കാരായി ഇത്തവണയും സെമി കളിക്കും. എന്നാല്‍ വിജയക്കൊടിപാറിച്ച് മുന്നേറുന്ന ഇന്ത്യയെ വീഴ്ത്താന്‍ ഉപായം ഉപദേശിച്ചിരിക്കുകയാണ് ഓസീസ് മുന്‍ താരം ആദം ഗില്‍ക്രിസ്റ്റ്. ഇന്ത്യയെ പരാജയപ്പെടുത്താനുള്ള ഒരേയൊരു വഴി ടോസ് ലഭിക്കുകയാണെങ്കില്‍ ആദ്യം ബാറ്റ് ചെയ്യുക എന്നതാണെന്നു ഗില്‍ക്രിസ്റ്റ് പറഞ്ഞു.

ടോസ് ലഭിക്കുകയാണെങ്കില്‍ ഇന്ത്യക്കെതിരേ ആദ്യം ബാറ്റ് ചെയ്യുന്നതാണ് നല്ലതെന്നു ഞാന്‍ കരുതുന്നു. ടൂര്‍ണമെന്റില്‍ അവരുടെ ഇതുവരെയുളള പ്രകടനം കാണുമ്പോള്‍ അതായിരിക്കും മെച്ചപ്പെട്ട ഓപ്ഷന്‍. പക്ഷെ റണ്‍ചേസില്‍ ഇന്ത്യക്കു എന്തെങ്കിലും ദൗര്‍ബല്യമുള്ളതായി എനിക്കു തോന്നുന്നില്ല. എക്കാലത്തെയും വലിയ റണ്‍ചേസ് കോര്‍ഡിനേറ്ററായ വിരാട് കോഹ്‌ലിയും അവര്‍ക്കുണ്ട്.

ലൈറ്റ്സിനു കീഴില്‍ ഇന്ത്യന്‍ ബോളിംഗ് നിര കൂടുതല്‍ അപകടം വിതയ്ക്കും. വളരെ മൂര്‍ച്ചയേറിയ ബോളിംഗ് നിരയാണ് അവര്‍ക്കുള്ളത്. മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ എന്നിവര്‍ക്കെതിരേ കളിക്കുന്നത് ഏറെക്കുറെ അസാധ്യമാണ്. എന്നാല്‍ പകല്‍ വെളിച്ചത്തില്‍ അവരെ നേരിടുക കുറച്ചു കൂടി എളുപ്പമാവും- ഗില്‍ക്രിസ്റ്റ് നിരീക്ഷിച്ചു.

സെമി ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍ ആരാണെന്ന് ഇനിയും അറിവായിട്ടില്ല. പോയിന്റ് പട്ടികയില്‍ നാലാംസ്ഥാനത്തു ഫിനിഷ് ചെയ്യുന്ന ടീമുമായി 15നു ഇന്ത്യ ഏറ്റുമുട്ടും. ന്യൂസിലാന്‍ഡ്, പാകിസ്ഥാന്‍, അഫ്ഗാനിസ്താന്‍ എന്നിവരിലൊരു ടീമായിരിക്കും സെമിയില്‍ ഇന്ത്യയെ കാത്തിരിക്കുന്നത്.