ഏകദിന ലോകകപ്പ്: ശ്രീലങ്ക- ബംഗ്ലാദേശ് മത്സരം പ്രതിസന്ധിയില്‍, അവസാന നിമിഷം റദ്ദാക്കാന്‍ സാധ്യത

ഏകദിന ലോകകപ്പിലെ ശ്രീലങ്ക- ബംഗ്ലാദേശ് മത്സരം ഇന്ന് ഡല്‍ഹിയില്‍ നടക്കാനിരിക്കെ അപ്രതീക്ഷിത പ്രതിസന്ധി. ഡല്‍ഹിയിലെ വായു മലിനീകരണ തോത് ഉയര്‍ന്നിരിക്കുന്നതാണ് ആശങ്കകള്‍ വഴിതുറന്നിരിക്കുന്നത്. പുകമഞ്ഞ് രൂക്ഷമായതിനെ തുടര്‍ന്ന് ബംഗ്ലാദേശ് അവരുടെ പരിശീലന സെഷന്‍ റദ്ദാക്കിയതോടെ സ്ഥിതിഗതികള്‍ വഷളായി.

മലിനീകരണ പ്രശ്നത്തിനിടയില്‍ ഡല്‍ഹിയില്‍ മത്സരിക്കുന്നതിനെക്കുറിച്ച് ശ്രീലങ്കയും ആശങ്ക പ്രകടിപ്പിച്ചു. ഈ ആശങ്കകള്‍ക്കിടയിലും, ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡും (ബിസിസിഐ) ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലും (ഐസിസി) മത്സരം മാറ്റുന്നതിനെ കുറിച്ചൊന്നും ഇതുവരെ പ്രതികരിച്ചിട്ടില്ല.

പരിശീലനം നടത്താന്‍ പോലും താരങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്തപ്പോള്‍ വാട്ടര്‍ സ്പ്രിങ്ക്‌ളറും എയര്‍ പ്യൂറിഫയറും സ്ഥാപിച്ച് വിദഗ്ദാഭിപ്രായത്തിനായി കാത്തിരിക്കുകയാണ് ഐസിസി. ശ്രീലങ്ക ബംഗ്ലാദേശ് മല്‍സരം നടത്തണമോ എന്ന കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുക മാച്ച് ഓഫീഷ്യല്‍സായിരിക്കും. മല്‍സരത്തിന് തൊട്ടുമുന്‍പുള്ള സാഹചര്യം പരിഗണിച്ചാകും തീരുമാനം. മല്‍സരം റദ്ദാക്കിയാല്‍ ഇരുടീമിനും ഓരോ പോയിന്റ് വീതം ലഭിക്കും.

ഗെയിം ലഖ്നൗവിലേക്ക് മാറ്റുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ നല്‍കിയിട്ടില്ല. ഡല്‍ഹിയിലെ വായുവിന്റെ ഗുണനിലവാരം സുരക്ഷിതമല്ല. നിലവിലെ എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് (എക്യുഐ) 350 ആണ്.