ഏകദിന ലോകകപ്പ്: ഹാര്‍ദ്ദിക് ഫിറ്റാണെങ്കില്‍ അവന്‍ ടീമില്‍ വേണ്ട; വിലയിരുത്തലുമായി കൈഫ്

ഐസിസി ലോകകപ്പില്‍ വിജയരഥത്തിലാണ് ഇന്ത്യന്‍ ടീം ഇപ്പോള്‍ കുതിക്കുന്നത്. ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായി 5 മത്സരങ്ങള്‍ ജയിച്ചതോടെ ടീം ഇന്ത്യ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ പരിക്ക് ഇന്ത്യക്ക് കനത്ത തിരിച്ചടിയായി. പകരം മുഹമ്മദ് ഷമിക്ക് ന്യൂസിലന്‍ഡിനെതിരെ അവസരം ലഭിച്ചപ്പോള്‍ ഷാര്‍ദുല്‍ താക്കൂറിനെ ഒഴിവാക്കി സൂര്യകുമാര്‍ യാദവിന് പ്ലേയിംഗ് ഇലവനില്‍ ഇടം നല്‍കി.

നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യന്‍ ടീമിന് അടുത്ത മത്സരം കളിക്കേണ്ടത്. ഇന്ത്യ ഇതുവരെ കളിച്ച 5 മത്സരങ്ങളും ജയിച്ചപ്പോള്‍ ഇംഗ്ലണ്ട് മോശം അവസ്ഥയിലാണ്. നാലില്‍ ഒരു മത്സരത്തില്‍ മാത്രമാണ് അവര്‍ക്ക് ജയിക്കാനായത്. ഇംഗ്ലീഷ് ടീമിനെതിരെ റിസ്‌ക് എടുക്കാന്‍ ഇന്ത്യന്‍ ടീം ഇപ്പോഴും ആഗ്രഹിക്കുന്നില്ല. ഹാര്‍ദിക് പാണ്ഡ്യ ഫിറ്റായാല്‍ പ്ലെയിങ് ഇലവനില്‍ തീര്‍ച്ചയായും മാറ്റമുണ്ടാകും.

അപ്പോള്‍ ചോദ്യം മുഹമ്മദ് ഷമിയുടെ കാര്യത്തിലാണ്. ന്യൂസിലന്‍ഡിനെതിരെ അഞ്ച് വിക്കറ്റ് വീഴ്ത്തി ഷമി ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു. ഈ തകര്‍പ്പന്‍ പ്രകടനത്തിന് ശേഷം അദ്ദേഹത്തെ ഒഴിവാക്കുന്നത് ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് വളരെ ധീരമായ തീരുമാനമായിരിക്കും.
ന്യൂസിലന്‍ഡിനെതിരെ മുഹമ്മദ് ഷമി 5 വിക്കറ്റ് വീഴ്ത്തിയെങ്കിലും, ഹാര്‍ദിക് പാണ്ഡ്യ ഫിറ്റായി തിരിച്ചെത്തിയാല്‍ ഷമിക്ക് പുറത്ത് ഇരിക്കേണ്ടി വന്നേക്കുമെന്ന് മുന്‍ ഇന്ത്യന്‍ ടീം ബാറ്റ്സ്മാന്‍ മുഹമ്മദ് കൈഫ് വിശ്വസിക്കുന്നു.

ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ പരിക്കേറ്റ ഹാര്‍ദിക് പാണ്ഡ്യ അടുത്ത മത്സരത്തിന് ഫിറ്റായാല്‍ തീര്‍ച്ചയായും പ്ലെയിംഗ് ഇലവന്റെ ഭാഗമാകുമെന്ന് അദ്ദേഹം പറഞ്ഞു. അത്തരമൊരു സാഹചര്യത്തില്‍ ഷാര്‍ദുല്‍ താക്കൂറും തിരിച്ചെത്തും, മുഹമ്മദ് ഷമിക്ക് പുറത്ത് ഇരിക്കേണ്ടി വരും. സൂര്യകുമാര്‍ യാദവും പ്ലെയിങ് ഇലവനില്‍നിന്ന് പുറത്താകും.