ഏകദിന ലോകകപ്പ്: ഞങ്ങളുടെ ബാറ്റര്‍മാര്‍ പരിചയ സമ്പന്നര്‍, ഇന്ത്യയുടെ തന്ത്രങ്ങള്‍ വിലപോകില്ലെന്ന് കമ്മിന്‍സ്

ഐസിസി ക്രിക്കറ്റ് ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ ബോളര്‍മാരെ നേരിടാന്‍ തന്റെ ടീമിന് വ്യക്തമായ പദ്ധതിയുണ്ടെന്ന് ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ. അഞ്ച് തവണ ചാമ്പ്യന്‍മാരായ ഓസീസ് ഒക്ടോബര്‍ എട്ടിന് ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ആതിഥേയരായ ഇന്ത്യയെ നേരിടും.

ഓസ്ട്രേലിയക്കാര്‍ക്ക് ഇന്ത്യന്‍ സ്പിന്നര്‍ സുപരിചിതരാണെന്നും അവര്‍ക്കെതിരെ മികച്ച പ്രകടനം നടത്തിയിട്ടുണ്ടെന്നും കമ്മിന്‍സ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ മാസം ഇന്ത്യയ്ക്കെതിരായ മൂന്നാം ഏകദിനത്തിലെ വിജയം മാര്‍ക്വീ ഇവന്റിലേക്ക് പോകുന്ന ടീമിന് വലിയ ഉത്തേജനമാണെന്നും കമ്മിന്‍സ് പറഞ്ഞു. ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ തോറ്റ ഓസീസ് മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ 66 റണ്‍സിന് വിജയിച്ചിരുന്നു.

ഞങ്ങളുടെ തയ്യാറെടുപ്പ് ആരംഭിക്കുന്നത് മത്സരത്തിന് മുമ്പുള്ള അടുത്ത ദിവസങ്ങളിലെ പരിശീലനത്തോടെയാണ്. ഓസ്ട്രേലിയന്‍ താരങ്ങള്‍ ധാരാളം സ്പിന്നുകള്‍ കളിക്കുന്നു. ഞങ്ങളുടെ ബാറ്റര്‍മാര്‍ ഇന്ത്യയില്‍ ധാരാളം കളിക്കുകയും മികച്ച പ്രകടനം നടത്തുകയും ചെയ്തിട്ടുണ്ട്, അതിനാല്‍ അവര്‍ക്ക് ഇന്ത്യന്‍ ബോളര്‍മാരെ ശരിക്കും അറിയാം.

ഞങ്ങള്‍ക്ക് ഒരു പദ്ധതിയുണ്ട്. ഞങ്ങള്‍ക്ക് ശരിക്കും ആത്മവിശ്വാസമുണ്ട്. മൂന്നാം ഏകദിനത്തില്‍ (രാജ്കോട്ടില്‍) ഞങ്ങള്‍ക്ക് മികച്ച വിജയം ലഭിച്ചു. ഇത് ഒരുപക്ഷേ ഞങ്ങളുടെ ഏറ്റവും ശക്തരായ ഇലവനോട് അല്‍പ്പം അടുത്താണ്. ഇന്ത്യയില്‍ ഏകദിനത്തില്‍ ഞങ്ങള്‍ക്ക് നല്ല റെക്കോര്‍ഡുകള്‍ ഉണ്ട്- കമ്മിന്‍സ് പറഞ്ഞു.