ഏകദിന ലോകകപ്പ്: അവര്‍ തോല്‍ക്കാന്‍ അത്ഭുതങ്ങള്‍ സംഭവിക്കണം; തുറന്നു സമ്മതിച്ച് പോണ്ടിംഗ്

ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ തോല്‍പ്പിക്കുക എന്നത് വളരെ പ്രയാസകരമാണെന്ന് ഓസ്‌ട്രേലിയന്‍ ഇതിഹാസം റിക്കി പോണ്ടിംഗ്. എല്ലാ മേഖലകളിലും ഇന്ത്യന്‍ ടീം പ്രബലരാണെന്നും കടുത്ത സമ്മര്‍ദ്ദത്തിലും അവര്‍ എങ്ങനെ പിടിച്ചുനില്‍ക്കും എന്നതിനെ ആശ്രയിച്ചിരിക്കും ബാക്കിയുള്ളവയെന്നും പോണ്ടിംഗ് പറഞ്ഞു.

ഞാന്‍ നേരത്തെ പറഞ്ഞതുപോലെ, ഇന്ത്യയെ തോല്‍പ്പിക്കാന്‍ വളരെ പ്രയാസമാണ്. വളരെ കഴിവുള്ള ഒരു ടീമാണ് അവര്‍ക്കുള്ളത്. ഫാസ്റ്റ് ബോളിംഗ്, സ്പിന്‍, ടോപ് ഓര്‍ഡര്‍, മധ്യനിര ബാറ്റിംഗ് തുടങ്ങി എല്ലാ മേഖലകളിലും അവര്‍ക്ക് ശക്തമായ അടിത്തറയുണ്ട്. അവരെ തോല്‍പ്പിക്കാന്‍ വളരെ ബുദ്ധിമുട്ടായിരിക്കും. എന്നാല്‍ കടുത്ത സമ്മര്‍ദ്ദത്തിലും അവര്‍ എങ്ങനെ പിടിച്ചുനില്‍ക്കുമെന്ന് നമുക്ക് നോക്കാം.

ഇന്ത്യന്‍ മണ്ണില്‍ ലോകകപ്പ് നടക്കുമ്പോള്‍ ടീമിനെ നയിക്കാന്‍ ഏറ്റവും അനുയോജ്യമായ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ്. രോഹിത് വളരെ ശാന്തനാണ്. രോഹിത് ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ആ ശാന്തത പ്രകടമാണ്. അവന്‍ കളിക്കുന്ന രീതിയില്‍ പോലും നിങ്ങള്‍ക്ക് അത് കാണാന്‍ കഴിയും.

രോഹിത് തികഞ്ഞ ഒരു ബാറ്റര്‍ കൂടിയാണ്, ഫീല്‍ഡിന് അകത്തും പുറത്തും അങ്ങനെയാണ്. ചില ഘട്ടങ്ങളില്‍ സമ്മര്‍ദ്ദം അവരിലേക്ക് എത്തില്ല. അല്ലെങ്കില്‍ അത് അവരെ ബാധിക്കില്ലെന്ന് നിസംശയം പറയാന്‍ കഴിയും- പോണ്ടിംഗ് കൂട്ടിച്ചേര്‍ത്തു.