ഏകദിന ലോകകപ്പ്: 'പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് അവനെ കളിപ്പിക്കാതിരിക്കാനാവില്ല'

ഏകദിന ലോകകപ്പില്‍ പാകിസ്ഥാനെതിരെ നാളെ നടക്കാനിരിക്കുന്ന മത്സരത്തില്‍ ഇന്ത്യയ്ക്ക് യുവ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനെ കളിപ്പിക്കാതിരിക്കാനാവില്ലെന്ന് മുന്‍ സെലക്ടര്‍ എംഎസ്‌കെ പ്രസാദ്. പാകിസ്ഥാനെതിരെ ഇന്ത്യക്ക് നിര്‍ണായക മത്സരമാണിതെന്നും ഗില്‍ ഫിറ്റാണെന്നും നാളെ പാകിസ്ഥാനെതിരെ കളിക്കുമെന്നും തനിക്കുപ്പുണ്ടെന്നും പ്രസാദ് പറഞ്ഞു.

ഗില്‍ കളിക്കുമോ എന്ന കാര്യത്തിലെ എല്ലാ അഭ്യൂഹങ്ങളും നമുക്ക് ഇവിടെ അവസാനിപ്പിക്കാമെന്ന് തോന്നുന്നു. തീര്‍ച്ചയായും ഗില്‍ പാകിസ്ഥാനെതിരെ കളിക്കും. കാരണം, അവനെ കളിപ്പിക്കാതിരിക്കാന്‍ ഇന്ത്യക്കാവില്ല. അവന് ഒരു പനി വന്നുവെന്നേയുള്ളു. അത് മാറുകയും ചെയ്തു. അവന് പകരക്കാരനെ അന്വേഷിക്കേണ്ടത്രയും ഗുരുതര സ്ഥിതിയൊന്നുമില്ല.

ഗില്ലിന്റെ രോഗത്തെക്കുറിച്ച് പുറത്തുവരുന്നതെല്ലാം അഭ്യൂഹങ്ങള്‍ മാത്രമാണ്. ഇന്ത്യന്‍ ടീമിനൊപ്പം അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിനായി ഗില്‍ ഡല്‍ഹിയിലേക്ക് പോകാതിരുന്നത് മുന്‍ കരുതല്‍ എന്ന നിലയില്‍ മാത്രമാണ്. അവന്‍ ആരോഗ്യം വീണ്ടെടുത്തു കഴിഞ്ഞു.

ഒരു മണിക്കൂറോളം നെറ്റ്‌സില്‍ പരിശീലനം നടത്തിയെന്ന് പറഞ്ഞാല്‍ അയാള്‍ ആരോഗ്യനില വീണ്ടെടുത്തുവെന്നത് തന്നെയാണ് അതിനര്‍ത്ഥം. പാകിസ്ഥാനെതിരെ ഇന്ത്യക്ക് നിര്‍ണായക മത്സരമാണ്. അവന്‍ ഫിറ്റാണെന്നും നാളെ പാകിസ്ഥാനെതിരെ കളിക്കുമെന്നും എനിക്കുറപ്പുണ്ട്-എംഎസ്‌കെ പ്രസാദ് പറഞ്ഞു.