ഏകദിന ലോകകപ്പ്: അവന്‍ ഇറങ്ങിയിരുന്നെങ്കില്‍ കോഹ്‌ലിക്ക് സെഞ്ച്വറി നഷ്ടമായേനെ; വെളിപ്പെടുത്തി രോഹിത്

ഏകദിന ലോകകപ്പിലെ തങ്ങളുടെ നാലാം മത്സരത്തില്‍ ബംഗ്ലാദേശിനെ ഇന്ത്യ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയത് സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്ലിയുടെ 48-ാം ഏകദിന സെഞ്ച്വറി മികവിലായിരുന്നു. എന്നിരുന്നാലും, ഈ നാഴികക്കല്ല് കടക്കുക എന്നത് കോഹ്ലിയെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. 38 ഓവറുകള്‍ പിന്നിടുമ്പോള്‍ 73* (77) എന്ന നിലയില്‍ കോഹ്ലി ബാറ്റ് ചെയ്യുകയായിരുന്നു, ഇന്ത്യയ്ക്ക് ജയിക്കാന്‍ 28 റണ്‍സ് മാത്രം മതിയായിരുന്നു.

തുടര്‍ന്ന് കെഎല്‍ രാഹുലില്‍നിന്ന് ലഭിച്ച മികച്ച പിന്തുണയാണ് കോഹ്ലിയെ സെഞ്ച്വറി നേട്ടത്തിന് സഹായിച്ചത്. എന്നാല്‍ യഥാര്‍ഥത്തില്‍ അഞ്ചാം നമ്പറില്‍ രാഹുലായിരുന്നില്ല ബാറ്റിംഗിനായി ഇറങ്ങേണ്ടിയിരുന്നതെന്ന് വെളിപ്പെടുത്തിയിരിക്കുയാണ് നായകന്‍ രോഹിത് ശര്‍മ്മ. രാഹുലിനു പകരം ശാര്‍ദ്ദുല്‍ താക്കൂറായിരുന്നു യഥാര്‍ഥത്തില്‍ അഞ്ചാമനായി ബാറ്റ് ചെയ്യാനിരുന്നതെന്നാണ് രോഹിത് വെളിപ്പെടുത്തിയത്.

അതിവേഗം സ്‌കോര്‍ ചെയ്യാന്‍ ശേഷിയുള്ള ശര്‍ദ്ദുലിനെ ക്രീസിലേക്ക് അയച്ച് വിജയം നേരത്തേ പൂര്‍ത്തിയാക്കിയ ശേഷം നെറ്റ് റണ്‍റേറ്റ് മെച്ചെടുത്താനായിരുന്നു പ്ലാന്‍. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ ഒരുപക്ഷെ കോഹ്‌ലി സെഞ്ച്വറി നേടുമോയെന്ന കാര്യവും സംശയമായിരുന്നു.

നാലാമത്തെ വിക്കറ്റ് വീണാല്‍ ശാര്‍ദ്ദുലിനെ ഇറക്കാനായിരുന്നു പ്ലാന്‍ ചെയ്തിരുന്നത്. പക്ഷെ അവനോടു നീയാണ് അടുത്തത് എന്ന് പറഞ്ഞ അതേ നിമിഷം തന്നെ ശ്രേയസ് അയ്യര്‍ പുറത്തായി. ഈ കാരണത്താല്‍ ശാര്‍ദ്ദുലിനു പാഡണിയാനും തയ്യാറെടുക്കാനും മതിയായ സമയവും കിട്ടിയില്ല. ഇതേ തുടര്‍ന്നാണ് രാഹുല്‍ തന്നെ അഞ്ചാമനായി ബാറ്റ് ചെയ്തത്- ശുഭ്മാന്‍ ഗില്ലുമായുള്ള സംഭാഷണത്തില്‍ രോഹിത് വ്യക്തമാക്കി.