ഏകദിന ലോകകപ്പ്: തുടര്‍തോല്‍വികള്‍, ബംഗ്ലാദേശ് സൂപ്പര്‍ താരം ടീം വിട്ട് നാട്ടിലേക്ക് മടങ്ങി!

ലോകകപ്പ് പാതിവഴിയില്‍ എത്തിനില്‍ക്കെ ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്‍ ധാക്കയിലേക്ക് മടങ്ങി. ടീമിന്റെ തുടര്‍തോല്‍വികയും തന്റെ മോശം ഫോമും പരിഗണിച്ചാണ് താരം നാട്ടിലേക്ക് മടങ്ങിയത്. തന്റെ പേര്‍സണല്‍ ഉപദേശകനായ നസ്മുല്‍ ഫഹീനൊപ്പം പരിശീലനം നടത്തുവാന്‍ വേണ്ടിയാണ് ഷാക്കിബ് ധാക്കയില്‍ എത്തിയിരിക്കുന്നത്.

ലോകകപ്പില്‍ ഇനി നെതര്‍ലന്‍ഡ്‌സിനെതിരെയും പാകിസ്ഥാനെതിരെയുമാണ് ബംഗ്ലാദേശിന്റെ അടുത്ത മത്സരങ്ങള്‍. ഇതിന് മുന്നോടിയായി ഉപദേശകനൊപ്പം ധാക്കയില്‍ മൂന്ന് ദിവസത്തെ പരിശീലനം ഷാക്കീബ് നടത്തും. അതിന് ശേഷം നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തിന് മുന്‍പായി താരം കൊല്‍ക്കത്തയില്‍ തിരിച്ചെത്തും.

ഈ ലോകകപ്പില്‍ ഇതുവരെ 6 വിക്കറ്റ് നേടിയ ഷാക്കിബിന് നാല് ഇന്നിംഗ്‌സില്‍ നിന്നും 56 റണ്‍സ് മാത്രമെ നേടാന്‍ സാധിച്ചിട്ടുള്ളൂ. ലോകകപ്പില്‍ അഞ്ച് മത്സരങ്ങളില്‍നിന്നും രണ്ട് പോയിന്റ് മാത്രം നേടി ഒമ്പതാം സ്ഥാനത്താണ് ബംഗ്ലാദേശ്. അഫ്ഗാനിസ്ഥാനെതിരായ ആദ്യ മത്സരം മാത്രമാണ് അവര്‍ക്ക് ജയിക്കാനായത്.

ഇംഗ്ലണ്ടില്‍ നടന്ന കഴിഞ്ഞ ലോകകപ്പില്‍ അവിസ്മരണീയ പ്രകടനമായിരുന്നു ഷാക്കിബ് കാഴ്ച്ചവെച്ചത്. 8 മല്‍സരങ്ങളില്‍ നിന്നും രണ്ട് സെഞ്ചുറി അടക്കം 606 റണ്‍സ് നേടിയ ഷാക്കിബ് 11 വിക്കറ്റും നേടിയിരുന്നു.