കേരളത്തോട് കൈമലര്‍ത്തി, ആന്ധ്രയ്ക്ക് കൈനിറയെ നല്‍കി;വയനാട്ടിലെ മോദിയുടെ പ്രഖ്യാപനം വാക്കുകളിലൊതുങ്ങി; സംസ്ഥാനത്തിന് സഹായം വൈകിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍

വയനാട് മുണ്ടക്കൈ ദുരന്തത്തിലും കേരളത്തിനോട് ചിറ്റമ്മ നയവുമായി കേന്ദ്ര സര്‍ക്കാര്‍. കേരളത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്ന് വയനാട്ടിലെ ദുരന്ത മുഖത്തെത്തി പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ട് 40 ദിവസം പിന്നിട്ടിട്ടും സംസ്ഥാനത്തെ കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കാന്‍ തയ്യാറായിട്ടില്ല. സംസ്ഥാനം നല്‍കിയ നിവേദനം ചട്ടപ്രകാരമല്ലെന്ന വാദം ഉയര്‍ത്തിയാണ് സഹായം പ്രഖ്യാപിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ വൈകിപ്പിക്കുന്നത്.

എന്നാല്‍ ആന്ധ്രാപ്രദേശിന് വെള്ളപ്പൊക്കത്തിലുണ്ടായ നാശ നഷ്ടങ്ങള്‍ അതിജീവിക്കാന്‍ മൂവായിരം കോടി കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ സംസ്ഥാനത്ത് നേരിട്ടെത്തി പ്രഖ്യാപിച്ചിരുന്നു. അതേസമയം കേരളത്തിന് ആവശ്യമായ ആദ്യ ഗഡു സഹായം പോലും കേന്ദ്രം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

കേന്ദ്ര സര്‍ക്കാരിനെ അധികാരത്തില്‍ താങ്ങി നിര്‍ത്തുന്ന ആന്ധ്രയുടെ കാര്യത്തിലുണ്ടായ പരിഗണന കേരളത്തിനില്ല. നിവേദനം എങ്ങനെ തയ്യാറാക്കണം എന്ന് നിര്‍ദ്ദേശിച്ചിട്ടും ഇത് തെറ്റിച്ചു എന്നാണ് സംസ്ഥാനകത്തിനെതിരെയുള്ള വിമര്‍ശനം. ഓഗസ്റ്റ് 27ന് ആയിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയിലെത്തി പ്രധാനമന്ത്രിയെ കണ്ടത്.

കൂടിക്കാഴ്ച കഴിഞ്ഞ് 25 ദിവസം പിന്നിട്ടിട്ടും കേരളത്തിനുള്ള സഹായം വാക്കുകളില്‍ മാത്രം ഒതുങ്ങുകയാണ്. 3000 കോടി രൂപയുടെ പാക്കേജാണ് കേരളം ദുരന്തത്തിന് ഇരയായവരെ പുനരധിവസിപ്പിക്കാനും സഹായിക്കാനുമായി ആവശ്യപ്പെട്ടത്. കേരളത്തില്‍ സന്ദര്‍ശനം നടത്തിയ കേന്ദ്ര സംഘത്തിനാണ് കേരളം നല്‍കിയ നിവേദനം ആഭ്യന്തര മന്ത്രാലയം കൈമാറിയത്.

Read more

സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ ഈ വര്‍ഷം വകയിരുത്തിയിരുന്ന 388 കോടി രൂപയില്‍ 145 കോടി ഇതിനകം ലഭിച്ചു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ദേശീയ ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് കൂടുതല്‍ തുക അനുവദിച്ചാല്‍ മാത്രമേ കേരളത്തിന് പുനരധിവാസ പദ്ധതിയുമായി മുന്നോട്ട് പോകാനാകൂ.