കഥ ഇന്നത്തോടെ തീരും! കന്നഡ സിനിമയുടെ റീമേക്ക് ആയി എത്തിയ 'കഥ ഇന്നുവരെ'; പ്രേക്ഷക പ്രതികരണം

ബിജു മേനോനും മേതില്‍ ദേവികയും ഒന്നിച്ച് ‘കഥ ഇന്നുവരെ’ ചിത്രത്തിന് മോശം പ്രതികരണങ്ങള്‍. വിഷ്ണു മോഹന്റെ സംവിധാനത്തില്‍ എത്തിയ ചിത്രത്തിന് ആദ്യ ദിനം തന്നെ നെഗറ്റീവ് പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ബിജു മേനോന്റേത് ഒഴികെ ബാക്കി താരങ്ങളുടെയെല്ലാം മോശം പെര്‍ഫോമന്‍സ്, മോശം സംവിധാനം എന്നതടക്കമുള്ള പ്രതികരണങ്ങളാണ് സിനിമയ്ക്ക് ലഭിക്കുന്നത്.

2018ല്‍ ‘കെയര്‍ ഓഫ് കഞ്ചരപാലം’ എന്ന കന്നഡ ചിത്രത്തിന്റെ റീമേക്ക് ആയാണ് കഥ ഇന്നുവരെ എത്തിയിരിക്കുന്നത്. ഈ ചിത്രത്തിന്റെ തമിഴ് റീമേക്ക് ‘കെയര്‍ ഓഫ് കാതല്‍’ 2021ല്‍ പുറത്തിറങ്ങിയിരുന്നു. ”ഈ വര്‍ഷത്തെ സെര്‍ട്ടിഫൈഡ് ക്രിഞ്ച് ചിത്രം. ബിജു മേനോന്‍ ഒഴികെ ബാക്കി എല്ലാ അഭിനേതാക്കളുടെയും മോശം പ്രകടനം” എന്നാണ് സിനിമ കണ്ട ഒരു പ്രേക്ഷകന്‍ എക്‌സില്‍ കുറിച്ചത്.

”ആദ്യ പകുതിയില്‍ നല്ല എഴുത്ത് എന്നാല്‍ മോശം സംവിധാനം. രണ്ടാം പകുതിയില്‍ എഴുത്തും സംവിധാനവും എല്ലാം മോശം. ബിജു മേനോന്റെയും ഹക്കീം ഷാജഹാന്റെയും ഒഴിച്ച് ബാക്കി എല്ലാവരുടെയും നിരാശപ്പെടുത്തുന്ന പെര്‍ഫോമന്‍സ്” എന്നാണ് മറ്റൊരു പ്രേക്ഷകന്റെ അഭിപ്രായം.

”ബിജു മേനോന്റെ പെര്‍ഫോമന്‍സ് ഒഴികെ മറ്റെല്ലാം മോശം രീതിയിലുള്ള ഒരു ചിത്രം. ഒരു നല്ല റൊമാന്റിക് ഫാമിലി ഡ്രാമ ആകാനുള്ള എല്ലാ സാധ്യതകളും ഇതില്‍ ഉണ്ടായിരുന്നു. പക്ഷെ സിനിമയുടെ ടീം മുഴുവന്‍ അതിനെ മോശമാക്കി” എന്നാണ് ഒരു പ്രേക്ഷകന്‍ എക്‌സില്‍ കുറിച്ചത്.

അതേസമയം, നിഖില വിമല്‍, അനുശ്രീ, അനു മോഹന്‍, സിദ്ധിഖ്, രഞ്ജി പണിക്കര്‍, കോട്ടയം രമേശ്, കൃഷ്ണപ്രസാദ്, അപ്പുണ്ണി ശശി, കിഷോര്‍ സത്യ, ജോര്‍ഡി പൂഞ്ഞാര്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്. വിഷ്ണു മോഹന്‍ സ്റ്റോറീസിന്റെ ബാനറില്‍ വിഷ്ണു മോഹനും, ഒപ്പം ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ്, ഹാരിസ് ദേശം, അനീഷ് പിബി, കൃഷ്ണമൂര്‍ത്തി എന്നിവരും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.

Read more