ഏകദിന ലോകകപ്പ്: തോൽവിക്ക് പിന്നാലെ പാകിസ്ഥാന് മറ്റൊരു തിരിച്ചടി കൂടി, ഒന്ന് തീരുന്നതിന് മുമ്പ് മറ്റൊരു ദുരന്തം എന്ന കണക്കിൽ കാര്യങ്ങൾ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിൽ തോൽവിയേറ്റ് വാങ്ങി പാകിസ്താന് മറ്റൊരു തിരിച്ചടി കൂടി ലഭിച്ചിരിക്കുന്നു. സ്ലോ ഓവർ റേറ്റിന് ടീമിന് പിഴ കിട്ടിയതോടെയാണ് കൂനിന്മേൽ കുരു പോലെ മറ്റൊരു പണി കൂടി പാകിസ്ഥാൻ ടീമിന് കിട്ടിയത്. ചെന്നൈയിൽ ദക്ഷിണാഫ്രിക്കയുടെ ബാറ്റിംഗിന് അവസാസിച്ച ശേഷം ഏഷ്യൻ ടീം നിശ്ചിത സമയത്തേക്കാൾ നാലോവർ പുറകിലാണെന്ന് കണ്ടെത്തി. അതോടെയാണ് മാച്ച് ഫീയുടെ 20 % ടീമിന് നഷ്ടമായത്.

നിശ്ചിത സമയത്തിനുള്ളിൽ എറിയാൻ കഴിയാതെ വരുന്ന ഓരോ ഓവറിനും കളിക്കാർക്ക് അവരുടെ മാച്ച് ഫീയുടെ അഞ്ച് ശതമാനം പിഴ ചുമത്തുമെന്ന് ഐസിസി പെരുമാറ്റച്ചട്ടം പറയുന്നു. ഓൺ-ഫീൽഡ് അമ്പയർമാരായ അലക്സ് വാർഫ്, പോൾ റീഫൽ, തേർഡ് അമ്പയർ റിച്ചാർഡ് ഇല്ലിംഗ്വർത്ത്, ഫോർത്ത് അമ്പയർ റിച്ചാർഡ് കെറ്റിൽബറോ എന്നിവർ പാകിസ്ഥാൻ പരാജയത്തിന് ശേഷം കുറ്റം ചുമത്തുക ആയിരുന്നു.

പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം കുറ്റം ചെയ്‌തെന്ന് സമ്മതിച്ചു. ഈ വർഷത്തെ ലോകകപ്പിൽ ആറ് മത്സരങ്ങളിൽ നിന്ന് രണ്ട് മത്സരങ്ങളിൽ മാത്രമാണ് പാകിസ്ഥാൻ വിജയിച്ചത്, 1992 ലെ ചാമ്പ്യൻമാർക്ക് സെമി ഫൈനലിലേക്ക് യോഗ്യത നേടുന്നതിന് അവരുടെ ശേഷിക്കുന്ന മൂന്ന് മത്സരങ്ങളും നല്ല മാർജിനിൽ ജയിക്കുകയും മറ്റ് ടീമുകൾ തോൽക്കാൻ കാത്തിരിക്കുകയും വേണം.

അവരുടെ അടുത്ത പോരാട്ടം ചൊവ്വാഴ്ച കൊൽക്കത്തയിൽ നടക്കും, അവിടെ പാകിസ്ഥാൻ ബംഗ്ലാദേശിനെ നേരിടും.