ഏകദിന ലോകകപ്പ്: 'അഫ്ഗാനിസ്ഥാന്‍ കളിക്കാര്‍ അഹങ്കാരികളായി'; വിമര്‍ശിച്ച് പാക് താരം

ചൊവ്വാഴ്ച വാങ്കഡെ സ്റ്റേഡിയത്തില്‍ ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍ കളിക്കാര്‍ അഹങ്കാരത്തോടെ പെരുമാറിയെന്ന് പാകിസ്ഥാന്‍ മുന്‍ വിക്കറ്റ് കീപ്പര്‍ കമ്രാന്‍ അക്മല്‍. അഫ്ഗാനിസ്ഥാന്‍ അവരുടെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്ന് രേഖപ്പെടുത്താന്‍ വെറും മൂന്ന് വിക്കറ്റുകള്‍ മാത്രം അകലെയായിരുന്നുവെങ്കിലും ഹൃദയഭേദകമായ തോല്‍വി ഏറ്റുവാങ്ങി.

‘ഓസ്ട്രേലിയക്ക് 7 വിക്കറ്റ് നഷ്ടമായപ്പോള്‍ അഫ്ഗാനിസ്ഥാന്‍ കളിക്കാര്‍ അഹങ്കാരികളായി. അത് അവരുടെ തകര്‍ച്ചയിലേക്ക് നയിച്ചു. എന്നാല്‍ മാക്സ്വെല്‍ കളിച്ചതുപോലുള്ള ഒരു വ്യക്തിഗത ഇന്നിംഗ്സ് ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. അത് അവിശ്വസനീയമായിരുന്നു- കമ്രാന്‍ അമല്‍ പറഞ്ഞു.

ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ നിശ്ചിത 50 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 291 റണ്‍സെടുത്തു. ഓപ്പണര്‍ ഇബ്രാഹിം സദ്രാന്‍ അഫ്ഗാനിസ്ഥാന്റെ ആദ്യ ഏകദിന ലോകകപ്പ് സെഞ്ച്വറി നേടി. മറുപടിയില്‍ ഓസ്ട്രേലിയയെ 7 വിക്കറ്റ് നഷ്ടത്തില്‍ 91 എന്ന നിലയില്‍ ഒതുക്കി ബോളര്‍മാര്‍ തങ്ങളുടെ ടീമിനെ ഡ്രൈവര്‍ സീറ്റില്‍ ഉറപ്പിച്ചു. എന്നാല്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ അഫ്ഗാന്റെ കണക്കുകൂട്ടലുകള്‍ മുഴുവന്‍ തെറ്റിച്ചു.

128 പന്തില്‍ 21 ഫോറും 10 സിക്‌സും സഹിതം പുറത്താകാതെ മാക്‌സ്‌വെല്‍ 201 റണ്‍സാണ് അടിച്ചെടുത്തത്. 68 പന്തില്‍ 12 റണ്‍സെടുത്ത ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിനൊപ്പം ചേര്‍ന്ന് 202 റണ്‍സിന്റെ കൂട്ടുകെട്ടാണ് മാക്‌സി സ്ഥാപിച്ചത്.