ഏകദിന ലോകകപ്പ്: നേടിയത് 47 റണ്‍സ്, രോഹിത് തിരിച്ചുകയറിയത് രണ്ട് ലോക റെക്കോഡുകളുമായി

ഏകദിന ലോകകപ്പില്‍ ന്യൂസിലന്‍ഡുമായുള്ള സെമി ഫൈനല്‍ മത്സരത്തില്‍ രണ്ട് റെക്കോഡുകള്‍ കുറിച്ച് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ലോകകപ്പില്‍ കൂടുകല്‍ സിക്സറുകളെന്ന ക്രിസ് ഗെയ്ലിന്റെ ഓള്‍ടൈം റെക്കോര്‍ഡാണ് രോഹിത് മറികടന്നതില്‍ ഒന്ന്.

49 സിക്സറുകളോടെയായിരുന്നു ഗെയ്ല്‍ തലപ്പത്തുണ്ടായിരുന്നത്. ഇതാണ് രോഹിത് ഇപ്പോള്‍ മറികടന്നിരിക്കുന്നത്. ഇന്നത്തെ മത്സരത്തിനുമുമ്പ് ഗെയ്ലിന്റെ ഓള്‍ടൈം റെക്കോര്‍ഡിന് ഒന്നു മാത്രം പിറകിലായിരുന്നു രോഹിത്. ട്രെന്റ് ബോള്‍ട്ടെറിഞ്ഞ മൂന്നാം ഓവറില്‍ തന്നെ ഈ റെക്കോര്‍ഡിനൊപ്പം രോഹിത് എത്തുകയും ചെയ്തു. തൊട്ടടുത്ത ഓവറില്‍ ടിം സൗത്തിക്കെതിരേ രണ്ടാം സിക്സറും പായിച്ച് ഗെയ്ലിന്റെ ലോക റെക്കോഡ് രോഹിത് തകര്‍ക്കുകയും ചെയ്തു.

രോഹിത്, ഗെയ്ല്‍ എന്നിവര്‍ കഴിഞ്ഞാല്‍ ലോകകപ്പില്‍ കൂടുതല്‍ സിക്സറുകളടിച്ച മറ്റു താരങ്ങള്‍ ഓസ്ട്രേലിയന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്സ്വെല്‍ (43), ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം എബി ഡിവില്ലിയേഴ്സ് (37), ഓസ്ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ (37) എന്നിവരാണ്.

ലോകകപ്പിന്റെ ഒരു എഡിഷനില്‍ കൂടുതല്‍ സിക്സറകളെന്ന ഗെയ്ലിന്റെ മറ്റൊരു റെക്കോര്‍ഡും രോഹിത് പഴങ്കഥയായി. 2015ലെ ലോകകപ്പില്‍ 26 സിക്സറുകളടിച്ച് ഗെയ്ല്‍ കുറിച്ച് റെക്കോഡാണ് രോഹിത് മറികടന്നത്. ഈ ലോകകപ്പില്‍ രോഹിത് 28 സിക്‌സുകള്‍ നേടിക്കഴിഞ്ഞു. മത്സരത്തില്‍ രോഹിത് 27 ബോളില്‍ നാല് വീതം സിക്സിന്‍റെയും ഫോറിന്‍റെയും അകമ്പടിയില്‍ 47 റണ്‍സെടുത്ത് പുറത്തായി.